വീണ്ടും വെടിനിർത്തൽ ലംഘനം, റഫാ അതിർത്തിയിൽ ഏറ്റുമുട്ടൽ

0
7

ജറുസലം: റഫാ അതിര്‍ത്തിയില്‍ ഹമാസും ഇസ്രയേല്‍ സൈനികരും ഏറ്റുമുട്ടി. ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ഗാസയിലെ റഫയില്‍ ഇസ്രയേലി സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതായും ഇതിനു പിന്നാലെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പ്രദേശത്ത് വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെച്ചൊല്ലി ഇസ്രയേലും ഹമാസും പരസ്പരം പഴിചാരുന്നതിനിടെയാണ് ഏറ്റുമുട്ടൽ. 

ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തുരങ്കങ്ങളും സൈനികകേന്ദ്രങ്ങളും പൊളിച്ചുമാറ്റുന്നതിനായി പ്രദേശത്ത് ആക്രമണം ആരംഭിച്ചിട്ടുണ്ടെന്ന് ഐഡിഎഫ് അറിയിച്ചു. ഭീകര പ്രവർത്തനങ്ങൾ വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ്. ശക്തമായി പ്രതികരിക്കുമെന്നും എക്സ് പോസ്റ്റിലൂടെ ഐഡിഎഫ് അറിയിച്ചു. 

ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫാ അതിര്‍ത്തി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു.  ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിനെച്ചൊല്ലി ഇസ്രയേലും ഹമാസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ബന്ദികളില്‍ കുറച്ചുപേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഹമാസ് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവരുടേത് കണ്ടെത്തല്‍ ദുഷ്‌കരമാണെന്ന് ഹമാസ് പറഞ്ഞിരുന്നു.