കഴക്കൂട്ടം: ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ തമിഴ്നാട്ടിൽനിന്ന് സാഹസികമായി പിടികൂടി.
തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെയാണ് മധുരയിൽനിന്ന് പിടികൂടിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഉറങ്ങുന്ന സമയത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടി ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭയന്നുപോയ പെൺകുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്.