തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണം പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് സ്വർണനാണയങ്ങളും, ആഭരണങ്ങളും കണ്ടെത്തിയത്. ഇവ ശബരിമലയിൽ ഉപയോഗിച്ച സ്വർണത്തിന്റെ ബാക്കിയാണോ എന്ന് പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. പോറ്റിയുടെ വീട്ടിലെ അലമാരയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പൊലീസിനൊപ്പം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിരുന്നു. പോറ്റിയുടെ ഭൂമി ഇടപാടിൽ ദുരൂഹതയൂണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. പല രേഖകളും, ഹാർഡ് ഡിസ്കും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ചില രേഖകൾ നശിപ്പിച്ചെന്ന സംശയത്തിൽ കരിയില കത്തിച്ച സ്ഥലത്തും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും വീട്ടിൽ ഉണ്ടായിരുന്ന രേഖകകളും പിടിച്ചെടുത്തു. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ എസ്ഐടി പരിശോധന നടത്തിയത്.
പോറ്റിയുടെ നിർണായക മൊഴി
അതേ സമയം കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്തുവന്നിരുന്നു. കൊള്ള നടത്തിയത് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കിയെന്ന് പോറ്റി വെളിപ്പെടുത്തി.ഏകദേശം പതിനഞ്ചോളം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന വിവരമാണ് ഉണ്ണക്കൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ചെതെന്നാണ് വിവരം. നിലവിലെ വിവരങ്ങളെ അടിസ്ഥാനമാക്കി കേസിൽ മറ്റൊരു പ്രതിയായ മുരാരി ബാബുവിൻ്റെ അറസ്റ്റിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് എസ്ഐടി.