ഇസ്റാഈലിൻ്റെ യുദ്ധക്കുറ്റം തുറന്നുകാട്ടി ഫലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ

0
123

ഗസ്സ: ബന്ദി മോചന കരാറിന്റെ ഭാഗമായി ഇസ്റാഈൽ വിട്ടുനൽകിയ, നൂറിലധികം ഫലസ്തീനികളുടെ മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിഞ്ഞിട്ടില്ല. പേരിന് പകരം അക്കങ്ങൾ നൽകിയാണ് മൃതദേഹങ്ങൾ ഗസ്സയിലേക്ക് തിരിച്ചയച്ചത്.

ഇതോടെ, കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ കുടുംബാംഗങ്ങൾ ഈ ചിത്രങ്ങളിലൂടെ ദുരിതപൂർണ്ണമായ തിരച്ചിൽ നടത്തുകയാണ്. ഈ മൃതദേഹങ്ങളിലെ പാടുകളിൽ നിന്നും ചിലതിൽ ഇപ്പോഴും അവശേഷിക്കുന്ന കൈവിലങ്ങുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്: മരിക്കുന്നതിന് മുമ്പ് അവർക്ക് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ വധശിക്ഷ നടപ്പാക്കിയതാകാനും സാധ്യതയുണ്ട്.

വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഇസ്റാഈൽ വിട്ടയച്ച ഫലസ്തീൻ തടവുകാർ ജീവനോടെ പുറത്തുവന്നപ്പോൾ തന്നെ പീഡനം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, തിരിച്ചേൽപ്പിച്ച മൃതദേഹങ്ങളുടെ അവസ്ഥ ഭീകരമാണ്. ഇവ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഫൊറൻസിക് സംഘം സ്ഥിരീകരിച്ചതായി ആരോഗ്യ വിദഗ്ദ്ധരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ചില മൃതദേഹങ്ങളിൽ അവയവങ്ങളോ പല്ലുകളോ നഷ്ടപ്പെട്ട നിലയിലായിരുന്നു. മറ്റു ചിലതിൽ തീ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഡോ. മുനീർ അൽ-ബുർഷ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ: “മറച്ചുവെക്കാൻ കഴിയാത്ത കുറ്റകൃത്യങ്ങൾ… കണ്ണുകെട്ടി, മൃഗങ്ങളെപ്പോലെ ബന്ധിച്ച്, കഠിനമായ പീഡനത്തിൻ്റെയും പൊള്ളലിൻ്റെയും അടയാളങ്ങളോടെയാണ് ഗസ്സയിലെ തടവുകാരുടെ മൃതദേഹങ്ങൾ തിരികെ നൽകിയിരിക്കുന്നത്.” സ്വാഭാവിക മരണമല്ലെന്നും, അവരെ കെട്ടിയിട്ട് വധശിക്ഷ നടപ്പാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് അടിയന്തര അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെടുന്ന യുദ്ധക്കുറ്റമാണെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.