നിമിഷ പ്രിയയുടെ മോചനം: ‘ചില പ്രതീക്ഷകൾക്ക് സാധ്യതയുണ്ട്’: ചാണ്ടി ഉമ്മൻ

0
25

കോട്ടയം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചില പ്രതീക്ഷകൾക്ക് സാധ്യതയുണ്ടെന്ന് ചാണ്ടി ഉമ്മൻ. ഈ വിഷയത്തിൽ ഇടപെടുന്ന സാജൻ ലത്തീഫ് വിളിച്ചു അറിയിച്ചതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇപ്പോഴും ചില തെറ്റിദ്ധാരണകൾ പരക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എത്ര വിലകൊടുത്തും നിമിഷപ്രിയയെ കൊണ്ടുവരുമെന്നാണ് പ്രചരണമെന്നും ഈ പ്രചരണങ്ങൾ ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാമെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.

റാന്നിയിലെ വിശ്വാസ സംരക്ഷണ റാലിയിൽ പങ്കെടുക്കാത്തതിൽ ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞില്ല. യൂത്ത് കോൺഗ്രസ് പദവിയിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും ചാണ്ടി വിമരർ‌ശിച്ചു. പാർട്ടിയോടൊപ്പം ചേർന്ന് എല്ലാവരും പ്രവർത്തിക്കുന്ന സന്ദേശമാണ് പറഞ്ഞത്. ചിലർ സോഷ്യൽ മീഡിയയിൽ വേട്ടയാടുകയാണ്. കുറെ നാളുകളായി സമൂഹമാധ്യമങ്ങളിൽ ആക്രമണം നേരിടുന്നു. ചിലർ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തുന്നു.

പാർട്ടിയിൽ ഒരു പദവിയും പ്രശ്നമല്ലെന്നും 23 വർഷക്കാലമായി പദവികൾക്കപ്പുറം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പരിപാടികളിൽ പങ്കെടുക്കാനും പ്രവർത്തിക്കാനും ഒരു പദവിയും വേണ്ട. പദവികൾക്കപ്പുറം പാർട്ടിയാണ് വലുത് എന്നാണ് മനസ്സിലാക്കുന്നതെന്നും ചാണ്ടി കൂട്ടിച്ചേർത്തു.

വലിയ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ഒരുതരത്തിലുള്ള പ്രതികരണത്തിനും ഇല്ല. എല്ലാ കാലത്തും അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനാണ്. സോഷ്യൽ മീഡിയയിൽ കോൺഗ്രസുകാരൻ എന്ന വ്യാജേനെ ഇരിക്കുന്ന ചിലർ ആക്രമണം നടത്തുന്നു. പാർട്ടിക്കെതിരെ ഒരു കാര്യവും ഇതുവരെ പറഞ്ഞിട്ടില്ല. ചില സ്ഥാപിത താല്പര്യക്കാർ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു.

സമൂഹമാധ്യമങ്ങളിലെ ആക്രമണം കുടുംബത്തെ പോലും വേദനിപ്പിക്കുന്നു. എന്റെ പിതാവ് ഈ പാർട്ടിക്കുവേണ്ടി ജീവിച്ചു മരിച്ച ആളാണ്. അദ്ദേഹത്തെ പോലും പലതരത്തിൽ ആക്രമിക്കുന്നു. ഒരു മകൻ എന്ന നിലയിൽ പിതാവിനെ ആക്രമിക്കുന്നത് കാണുമ്പോൾ മാനസിക വിഷമം ഉണ്ടാകുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.