സര്‍ക്കാര്‍ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം പൂർത്തീകരിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ

0
14

മനാമ: എല്‍ഡിഎഫ് സര്‍ക്കാര്‍ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം പൂർത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ ‘ഇവിടെ ന്നും നടക്കില്ല’ എന്ന അവസ്ഥയിലാണ് കേരളത്തിൽ ഇടത് സർക്കാർ അധികാരത്തിൽ വന്നത്. ആ അവസ്ഥയിൽ നിന്ന് ഡിസംബറോടെ ദേശീയപാത നല്ലൊരു ഭാഗം പൂർത്തിയാകാൻ പോവുകയാണ്. ജനുവരിയിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരിയോടെ എല്ലാ ഘട്ടവും പൂർത്തിയാക്കാൻ നിർദേശം കിട്ടി. 600 വാഗ്ദാനങ്ങളിൽ 580 വാഗ്ദാനങ്ങളും സർക്കാർ പൂർത്തീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2021 തെരഞ്ഞെടുപ്പിൽ വലിയ പ്രചാരണം നടന്നു. എന്നിട്ടും ജനം തീരുമാനിച്ചത് ഭരണത്തുടർച്ച നൽകാനാണ്. കിഫ്ബി ഒരുപാട് പഴികേട്ടു. കിഫ്ബി ഏറ്റെടുത്ത പദ്ധതികൾ ഇപ്പോൾ 90,000 കോടിയിലെത്തി. 2016ന് മുൻപ് കുട്ടികൾക്ക് പാഠപുസ്തകം നൽകാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും യുഡിഎപ് ഭരണത്തെ കുറിച്ച് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ചില വിദേശരാഷ്ട്രങ്ങൾ വരെ കൊച്ചി വാട്ടർ മെട്രോയെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും സമ്പൽസമൃദ്ധമായ രാജ്യങ്ങളിൽ പോലും കൊവിഡ് വലിയ പ്രതിസന്ധിയുണ്ടാക്കി. എന്നാൽ കേരളത്തിൽ അങ്ങനെ സംഭവിച്ചില്ലെന്നും മുഖ്യമന്ത്രി ബഹ്റൈനിലെ പ്രവാസി സംഗമത്തിൽ പറഞ്ഞു.

അതേസമയം, ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്‍ദുള്ള അൽ ഖലീഫ മനാമ റിഫയിലുള്ള ഉപപ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ സ്വീകരിച്ചു. ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്‍ദുള്ള ആദിൽ ഫക്രു, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി, ലുലു ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, വർഗീസ് കുര്യൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് രാധാകൃഷ്ണ പിള്ള എന്നിവരും സംബന്ധിച്ചു.