മെറ്റ എഐയുടെ പുതിയ ശബ്ദമായി ദീപിക പദുകോണ്‍; ആറു രാജ്യങ്ങളില്‍ മെറ്റ എഐയുടെ പുതിയ ഇംഗ്ലീഷ് ശബ്ദമായി ദീപികയെ കേള്‍ക്കാന്‍ സാധിക്കും

0
37

മെറ്റ എഐയുടെ പുതിയ ശബ്ദമായി ബോളിവുഡ് താരം ദീപിക പദുകോണ്‍. മെറ്റ എഐയ്‌ക്കായി സ്റ്റുഡിയോയില്‍ ശബ്‌ദം റെക്കോര്‍ഡ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഇനിമുതല്‍  ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളില്‍ മെറ്റ എഐയുടെ പുതിയ ഇംഗ്ലീഷ് ശബ്ദമായി ദീപികയെ കേള്‍ക്കാന്‍ സാധിക്കും.  

‘ഹായ്, ഞാന്‍ ദീപിക പദുകോൺ. ഞാനാണ് മെറ്റ എഐയിലെ അടുത്ത ശബ്‌ദത്തിനുടമ. അതിനാല്‍ എന്‍റെ ശബ്‌ദത്തിനായി ടാപ് ചെയ്യൂ, ഉടന്‍ ഞാനുമായി ചാറ്റ് ചെയ്യൂ ‘ എന്നാണ് താരം വിഡിയോയില്‍ പറയുന്നത്.  ‘ഇപ്പോള്‍ ഞാന്‍ എഐയുടെ ഭാഗമാണ്, എന്‍റെ ശബ്‌ദത്തില്‍ ഇംഗ്ലീഷില്‍ ഇന്ത്യയിലുടനീളവും അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും മെറ്റ എഐ വോയിസ് അസിസ്റ്റന്‍റുമായി നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാനായി സാധിക്കും. ഒന്ന് ട്രൈ ചെയ്തുനോക്കൂ..എന്നിട്ട് എന്താണ് നിങ്ങളുടെ അഭിപ്രായമെന്ന് എന്നോട് പങ്കുവയ്ക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് കമന്‍റുമായെത്തിയത്. 

മെറ്റ എഐയുടെ വോയിസ് അസിസ്റ്റന്‍റില്‍ ശബ്‌ദം നല്‍കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ദീപിക പദുക്കോണ്‍. റേ-ബാന്‍ മെറ്റ സ്‌മാര്‍ട്ട് ഗ്ലാസിലുള്‍പ്പടെ ഇനി ദീപിക പദുക്കോണിന്‍റെ ശബ്‌ദവുമായി സംസാരിക്കാം, ആവശ്യമായ സഹായം തേടാം. മെറ്റ എഐയെ കൂടുതല്‍ ജനകീയവത്കരിക്കുന്നതിനും വ്യക്തിഗതമാക്കുന്നതിന്‍റെയും ഭാഗമായാണ് വളരെ പോപ്പുലറായ ശബ്‌ദങ്ങളുടെ ഉടമകളെ വോയിസ് അസിസ്റ്റന്‍റിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്.