പേരാമ്പ്ര സംഘർഷം: “സ്ഫോടക വസ്തു എറിഞ്ഞത് പോലീസ്”; കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഡിസിസി

0
26

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ജില്ലാ കോൺഗ്രസ്‌ നേതൃത്വം. ആറ് ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ പ്രവീൺ കുമാർ പുറത്തുവിട്ടത്. യുഡിഎഫ് പ്രവർത്തകർക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞത് പൊലീസെന്നാണ് ഡിസിസി പ്രസിഡന്റിന്റെ വാദം.

ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ അതിക്രമത്തിൽ രാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധം ഉയർന്നതോടെ അത് മറയ്ക്കാൻ കള്ളപ്രചരണം നടത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.

പൊലീസിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായതിന് പിന്നാലെയാണ് ജില്ലാ കോൺഗ്രസ്‌ നേതൃത്വം കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പുറത്തുവിട്ട ആറ് ദൃശ്യങ്ങളിൽ ഗ്രനേഡും ടിയർ ഗ്യാസും പ്രവർത്തകർക്കിടയിൽ വീണ് പൊട്ടുന്നതും വടകര ഡിവൈഎസ്‌പി ടിയർ ഗ്യാസുമായി നിൽക്കുന്നതും വ്യക്തമായി കാണാം.

എൽഡിഎഫിൻ്റെ രാഷ്ട്രീയ വിശദീകരണ യോഗം
സിപിഐഎമ്മുകാർ ആയുധങ്ങളുമായി നിൽക്കുന്നുണ്ടെന്ന് പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ മുന്നറിയിപ്പ് നൽകിയിരുന്നു, അവിടെത്തന്നെയാണ് പൊലീസും നിന്നിരുന്നത്. ആ ഭാഗത്തുനിന്നാണ് സ്ഫോടക വസ്തു വന്നതെന്നാണ് കോൺഗ്രസ്‌ നേതൃത്വം ആരോപിക്കുന്നത്.

സംഭവം നടന്ന നാലാം ദിവസം കരിമരുന്ന് പുരണ്ട നൂൽ, ഇരുമ്പുചീളുകൾ എന്നിവ കണ്ടെത്തിയെന്ന പൊലീസ് വാദം യുഡിഎഫ് തള്ളി. അങ്ങനെ തെളിവ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് പൊലീസ് കൊണ്ടുവന്നിട്ടതാകുമെന്നുമാണ് കോൺഗ്രസ് ആരോപണം. ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ അക്രമം അപലപനീയം എന്നും പ്രതിഷേധം ശക്തമായതോടെ അത് മറക്കാനുള്ള കള്ള പ്രചാരണമാണ് പൊലീസും സിപിഐഎമ്മും നടത്തുന്നത് എന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു.