ആലപ്പുഴ: ഹരിപ്പാട് ഷോക്കേറ്റ് വീട്ടമ്മ മരിച്ചതിൽ കെഎസ്ഇബിക്ക് വീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സ്റ്റേ വയർ പൊട്ടിയതല്ലെന്നും അജ്ഞാതർ ഊരി വിട്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെഎസ്ഇബി സേഫ്റ്റി ഓഫീസറുടേതാണ് പ്രാഥമിക റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തന്‍പുരയില്‍ സരള ഷോക്കേറ്റ് മരിച്ചത്. പാടത്തെ പണിക്കിടെ നിന്ന് വിശ്രമിക്കാനായി കരയിലേക്ക് കയറുമ്പോൾ നടപ്പുവഴിയോട് ചേർന്ന് സ്ഥാപിച്ച സ്റ്റേവയറിൽ പിടിച്ചു.
സ്റ്റേ വയർ പൊട്ടിയത് അറിയാതെ അതിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടയിൽ കൂടെ ഉണ്ടായിരുന്ന ലതയ്ക്കും ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ തുടരുകയാണ്.
സരളയുടെ മരണ കാരണം കെഎസ്ഇബിയുടെ അനാസ്ഥ ആണെന്നാണ് നാട്ടുകാർ ആരോപിച്ചത്. സ്റ്റേ വയർ കൃത്യമായി സ്ഥാപിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ പുനഃസ്ഥാപിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞ മാസം അവസാനത്തോടെയാണ് പോസ്റ്റിൽ നിന്ന് കണക്ഷൻ നൽകിയതെന്നും, പുതിയ കണക്ഷൻ ആയതിനാൽ കൃത്യമായി പരിശോധിച്ചിരുന്നെന്നും കെഎസ്ഇബി ഹരിപ്പാട് ഡിവിഷൻ വ്യക്തമാക്കി. സേഫ്റ്റി ഓഫീസറുടെയും പൊലീസിൻ്റെയും റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.