ഷാപ്പിൽ മദ്യപിക്കാൻ അനുവദിച്ചില്ല; ജീവനക്കാരനെ മർദിച്ച് കൊന്നു

0
66

പാലക്കാട്‌: കൊഴിഞ്ഞമ്പാറയിൽ കള്ള് ഷാപ്പ് ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി. ഷാപ്പിൽ മദ്യപിക്കാൻ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കള്ളുഷാപ്പിലെ താൽക്കാലിക ജീവനക്കാരനായ മുണ്ടൂർ പന്നമല എൻ. രമേഷ് 50) ആണ് കൊല്ലപ്പെട്ടത്. ചള്ളപ്പാത എം. ഷാഹുൽ ഹമീദ് (38) ആണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊഴിഞ്ഞാമ്പാറ വിദേശമദ്യ വിൽപ്പനശലയ്ക്കു സമീപത്തുള്ള കള്ളുഷാപ്പിലെ താൽക്കാലിക തൊഴിലാളിയാണ് രമേഷ്. ഷാഹുൽ ഹമീദ് മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങുയത് രമേഷ് തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഷാഹുൽ ഹമീദ് അവിടെ നിന്നും പോവുകയും ചെയ്തു.

രാത്രി എട്ടരയോടെ കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിൻതുടർന്നെത്തിയ ഷാഹുൽ ഹമീദ് റോഡരികിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രദേശവാസികളാണ് രമേഷിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടത്. ആന്തരിക രക്ത‌സ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.