വെടിനിർത്തൽ കരാർ ഉച്ചകോടിക്കായി ഈജിപ്തിലേക്ക് പോകവേ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു

0
78

കയ്റോ: ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടല്‍ ഉച്ചകോടിക്കു മുന്നോടിയായി ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു.

രണ്ട് നയതന്ത്രജ്ഞർക്ക് പരുക്കേറ്റു. ഷാം എൽ-ഷെയ്ക്കിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്. ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞർ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും, ലോകരാഷ്ട്രങ്ങളുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തലിനു അന്തിമരൂപം നൽകുന്നതിനുമായി അന്താരാഷ്ട്ര സമാധാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഷാം എൽ-ഷെയ്ക്ക് ഒരുങ്ങുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും നാളെ നടക്കുന്ന യോഗത്തിനു നേതൃത്വം നൽകുമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ ഓഫിസിന്റെ പ്രസ്താവനയിൽ പറയുന്നു.

തിങ്കളാഴ്ചയുണ്ടായേക്കും
ഹമാസ്– ഇസ്രയേൽ വെടിനിർത്തൽ കരാർപ്രകാരം ബന്ദികളുടെയും തടവുകാരുടെയും മോചനത്തിന് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ പുനർവിന്യാസം നടന്ന് 72 മണിക്കൂറിനകം ബന്ദികളെയും തടവുകാരെയും മോചിപ്പിക്കണമെന്നാണു വ്യവസ്ഥ. വെള്ളിയാഴ്ച ഉച്ചയോടെ സൈനിക പുനർവിന്യാസം ഇസ്രയേൽ പൂർത്തിയാക്കി. ഇതുപ്രകാരം നാളെയാണു മോചനം തുടങ്ങേണ്ടത്. ഞായറാഴ്ച രാത്രിയോടെ മോചനനടപടികൾ തുടങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2023 ഒക്ടോബർ 7നു ഹമാസ് പിടികൂടിയവരിൽ ഇനി മോചിപ്പിക്കാനുള്ളത് 48 പേരാണ്. ഇവരിൽ 20 പേർ ജീവനോടെയുണ്ടെന്നാണു വിവരം. ഇതിനു പകരമായി വിട്ടയയ്ക്കുന്ന 250 പലസ്തീൻ തടവുകാരുടെ പട്ടിക കഴിഞ്ഞദിവസം ഇസ്രയേൽ പുറത്തിറക്കി.