തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയന്തിയെ (62) ഭര്‍ത്താവ് ഭാസുരാംഗന്‍ (72) കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കരകുളം സ്വദേശികള്‍ അറിഞ്ഞത്. വളരെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബമാണ് ഇവരുടേതെന്ന് നാട്ടുകാര്‍ പറയുന്നു.
കരകുളം ഹൈസ്‌കൂള്‍ ജംക്‌ഷനിലെ അനുഗ്രഹയെന്ന വീട്ടില്‍ മകള്‍ രചനയ്‌ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ജയന്തിയുടെ മരണവാര്‍ത്തയാണ് ആദ്യമെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഭാസുരാംഗനും മരിച്ചെന്ന വാര്‍ത്ത അറിഞ്ഞതോടെ നാട്ടുകാരും സുഹൃത്തുക്കളും ഏറെ സങ്കടത്തിലായി.
ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു ജയന്തി. ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്തിരുന്നു. അതിനിടെ കൈയില്‍ ട്യൂബിട്ടതില്‍ അണുബാധ ഉണ്ടായതുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയും വേണ്ടിവന്നു. ഒക്‌ടോബര്‍ 1ന് ആശുപത്രിയില്‍ അഡ്മിറ്റായി അഞ്ചാം തീയതിയായിരുന്നു ശസ്ത്രക്രിയ. രണ്ടു ശസ്ത്രക്രിയകള്‍ കൂടി വേണ്ടിവരുമെന്ന് അറിയിച്ചിരുന്നു.
ചികിത്സാ ചെലവുകള്‍ ഏറിയതോടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശാരിപ്പണികള്‍ ചെയ്തിരുന്ന ഭാസുരാംഗന്‍ ഇപ്പോള്‍ ജോലികള്‍ക്കൊന്നും പോകുന്നില്ല. ഇതിനിടെ പക്ഷാഘാതം ഉണ്ടായി. ഭാര്യയുടെ രോഗാവസ്ഥയിലും അവര്‍ വേദന അനുഭവിക്കുന്നതിലും ഭാസുരാംഗന് വലിയ ദുഃഖമുണ്ടായിരുന്നെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തികപ്രയാസം കൂടി ഏറിയതാവാം ദാസുരാംഗനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു.