തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭ നാലാം ദിവസവും കലുഷിതം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവച്ചു. പ്രതിപക്ഷം ഉയര്‍ത്തിയ ബാനര്‍ പിടിച്ചു വാങ്ങാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയതും നാടകീയ രംഗങ്ങള്‍ക്കിടയാക്കി. മുഖ്യമന്ത്രി പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയ്മിങ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. എന്നാല്‍ സ്പീക്കര്‍ ഇടപെട്ട് പ്രതിപക്ഷ നേതാവിനെ തടസപ്പെടുത്തിയത് ബഹളത്തിനിടയാക്കി.
മന്ത്രിമാര്‍ വായില്‍തോന്നിയതു പറഞ്ഞപ്പോള്‍ സ്പീക്കര്‍ക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ സഭയില്‍ പ്രതിഷേധം തുടരുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
പ്രതിപക്ഷാംഗങ്ങള്‍ ബഹളവുമായി നടത്തളത്തില്‍ ഇറങ്ങിയതോടെ വാച്ച് ആൻഡ് വാര്‍ഡും രംഗത്തെത്തി. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഒരു അംഗത്തിന്റെയും പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനിടയിലാണ് പ്രതിപക്ഷം ഉയര്‍ത്തിയ ബാനര്‍ പിടിച്ചുവാങ്ങാന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിര്‍ദേശം നല്‍കിയത്. ചെയറിന്റെ മുന്നില്‍ അല്ല ബാനര്‍ ഉയര്‍ത്തേണ്ടതെന്നും ബാനര്‍ ഇപ്പോള്‍ത്തന്നെ പിടിച്ചു വാങ്ങിക്ക് എന്നുമാണ് സ്പീക്കര്‍ രോഷാകുലനായി ഉറക്കെ പറഞ്ഞത്.
ഇതോടെ പ്രതിപക്ഷാംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഭരണപക്ഷാംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ തടസപ്പെടുത്തി. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.