ബേൺ: സ്വിറ്റ്‌സർലൻഡിലെ ഹോട്ടലിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പ്രത്യേക നിർദേശം. വൈറൽ കുറിപ്പിന് പിന്നാലെ വിവാദം. ഇന്ത്യൻ വിനോദസഞ്ചാരികൾ ബുഫെ ഭക്ഷണങ്ങള്‍ പായ്ക്ക് ചെയ്ത് കൊണ്ടുപോകരുതെന്ന് അഭ്യർഥിക്കുന്ന നോട്ടിസാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. ഇന്ത്യൻ ഡോക്ടറായ അര്‍ഷിത ധംനാസ്കര്‍ ആണ് സ്വിറ്റ്‌സർലൻഡിലെ ഒരു ഹോട്ടലിൽ കണ്ട നോട്ടിസ് പങ്കുവച്ചത്.
ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത സന്ദേശം തന്നെ വേദനിപ്പിച്ചുവെന്നും ഡോ. അര്‍ഷിത് പറയുന്നു. ‘കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഞാൻ എന്റെ കുടുംബത്തോടൊപ്പം സ്വിറ്റ്‌സർലൻഡിലായിരുന്നു. ഹോട്ടൽ മുറിയുടെ വാതിലിനു പിന്നിൽ, ഒരു നീണ്ട സന്ദേശം ഉണ്ടായിരുന്നു: ‘ബുഫെയിലെ ഭക്ഷണങ്ങള്‍ പായ്ക്ക് ചെയ്തെടുക്കരുത്. നിങ്ങൾക്ക് വേണമെങ്കിൽ, ഞങ്ങൾ പ്രത്യേകം പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ നൽകാം’, അര്‍ഷിത് പോസ്റ്റിൽ കുറിച്ചു.
‘ഹോട്ടൽ ബുഫെകളില്‍ പലപ്പോഴും ‘അൺലിമിറ്റഡ്’ എന്ന് പരസ്യപ്പെടുത്താറുണ്ടെങ്കിലും, അത് അക്ഷരാർഥത്തിൽ എടുക്കേണ്ടതില്ല. അണ്‍ലിമിറ്റഡിന്റെ അര്‍ഥം അത് ബാഗില്‍ പൊതിഞ്ഞെടുത്തുകൊണ്ട് പോയി, ജീവിതകാലം മുഴുവന്‍ സൗജന്യഭക്ഷണം കഴിക്കാമെന്നല്ല’. ഈ നിയമത്തിന്റെ യുക്തി തനിക്ക് മനസ്സിലായി. എങ്കിലും ഇന്ത്യൻ സന്ദർശകരെ മാത്രം വേർതിരിച്ചു കാണിച്ചതാണ് തന്നെ വിഷമിപ്പിച്ചതെന്ന് ഡോ. അര്‍ഷിത് പറയുന്നു.
ആ നോട്ടിസില്‍ ആരുടെ പേരു വേണമെങ്കുലും വയ്ക്കാമായിരുന്നു, അല്ലെങ്കില്‍ എല്ലാവരെയും അഭിസംബോധന ചെയ്യാമായിരുന്നു, പക്ഷേ സന്ദേശം ആരംഭിച്ചത്: ‘പ്രിയപ്പെട്ട ഇന്ത്യൻ വിനോദസഞ്ചാരികൾ,’ എന്നാണ്. ഡോ. അര്‍ഷിത് കൂട്ടിച്ചേർത്തു.
പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ആവർത്തിച്ചുള്ള സംഭവങ്ങളാകാം ഇത്തരം ഒരു സന്ദേശം എഴുതാൻ ഹോട്ടൽ അധികൃതരെ പ്രേരിപ്പിച്ചതെന്ന് ചിലർ അഭിപ്രായപ്പെട്ടു. യൂറോപ്യന്മാരും അമേരിക്കക്കാരും പ്രഭാതഭക്ഷണ ബുഫെ അവരുടെ പഴ്‌സുകൾ നിറയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, എന്തുകൊണ്ട് ഇന്ത്യൻ വിനോദസഞ്ചാരികളെ മാത്രം ലക്ഷ്യമിടുന്നു? ഇന്ത്യക്കാരെ മനപ്പൂര്‍വം അപമാനിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം അറിയിപ്പുകളെന്നും മറ്റ് ചിലർ പറഞ്ഞു.





