ടെൽ അവീവ്: ഇസ്രയേലിന്റെ സമുദ്ര ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയേയും 170 മറ്റു ആക്ടിവിസ്റ്റുകളേയും ഇസ്രയേല്‍ നാടുകടത്തി.
ഇസ്രയേല്‍ ഉപരോധം ലംഘിച്ച് ഗാസയില്‍ സഹായമെത്തിക്കാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഫ്രീഡം ഫ്‌ലോട്ടിലയുടെ ‘ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില’ ദൗത്യത്തിന്റെ ഭാഗമായ കപ്പലുകളെ അന്താരാഷ്ട്രസമുദ്രാതിര്‍ത്തിയില്‍വെച്ച് ഇസ്രയേല്‍ സൈന്യം തടഞ്ഞിരുന്നു. ഇതിലുണ്ടായിരുന്ന നൂറുകണക്കിന് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 470 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ പലരേയും കഴിഞ്ഞ ദിവസങ്ങളിലായി നാടുകടത്തി വരികയായിരുന്നു. ഗ്രെറ്റ ത്യുന്‍ബെയെയും മറ്റു 170 പേരെയും ഇന്നാണ് നാടുകടത്തിയത്.
തെക്കന്‍ ഇസ്രായേലിലെ റമോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗ്രീസിലേക്കും സ്ലൊവാക്യയിലേക്കുമാണ് ഇവരെ അയച്ചതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, സ്വീഡന്‍, പോളണ്ട്, ജര്‍മ്മനി, ബള്‍ഗേറിയ, ലിത്വാനിയ, ഓസ്ട്രിയ, ലക്‌സംബര്‍ഗ്, ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്ലൊവാക്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, യുകെ, സെര്‍ബിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരെന്ന് മന്ത്രാലയം പറയുന്നു.