ഐപിഎസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ കേസ്; ഉദ്യോഗസ്ഥനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അസി. സബ് ഇന്‍സ്‌പെക്ടറും ജീവനൊടുക്കി

0
17

പട്‌ന: ഐപിഎസ് ഓഫീസര്‍ വൈ പുരന്‍ കുമാറിന്റെ ആത്മഹത്യയില്‍ കോളിളക്കങ്ങള്‍ തുടരുന്നതിനിടെ ബിഹാറില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. റോത്തക് സൈബര്‍ സെല്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാറാണ് ജീവനൊടുക്കിയത്. വൈ പുരന്‍ കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് സന്ദീപ് മരിച്ചത്.

പുരന്‍ കുമാറിനെതിരെയുള്ള അഴിമതിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സന്ദീപ് കുമാര്‍. മരിക്കുന്നതിനു മുമ്പ് സന്ദീപ് കുമാര്‍ റെക്കോര്‍ഡ് ചെയ്തതെന്ന് കരുതുന്ന ‘സത്യ’ത്തിനു വേണ്ടി ജീവന്‍ ത്യജിക്കുന്നുവെന്നാണ് പറഞ്ഞത്.

അഴിമതിക്കാരാനായ പൊലീസ് ഉദ്യോഗസ്ഥനാണ് പുരന്‍ കുമാര്‍ എന്നും ഇത് പുറത്തുവരുമെന്ന് പേടിച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും സന്ദീപ് കുമാര്‍ ആരോപിച്ചു. ഗുരുതര ആരോപണങ്ങളാണ് വീഡിയോയില്‍ സന്ദീപ് കുമാര്‍ ഉന്നയിച്ചത്. റോത്തക് റേഞ്ചില്‍ സ്ഥലം മാറി വന്ന പുരന്‍ കുമാര്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ മാറ്റി പകരം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമിച്ചു.

ആളുകളുടെ ഫയലുകള്‍ തടഞ്ഞു വെക്കുകയും പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സ്ഥലംമാറ്റം ആവശ്യപ്പെട്ട വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി ഉപയോഗിച്ചു. സത്യങ്ങള്‍ പുറത്തുവരുമോ എന്ന് പേടിച്ചാണ് പുരന്‍ കുമാര്‍ ആത്മഹത്യ ചെയ്ത്.

പുരന്‍ കുമാറിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്‌നീത് പി കുമാറിനെതിരേയും വീഡിയോയില്‍ പറയുന്നുണ്ട്. അഴിമതിക്കാരിയായ ഐഎഎസ് ഉദ്യോഗസ്ഥയാണ് അമ്‌നീത് എന്നും ഇത് പുറത്തു വരുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നതായും ആരോപിക്കുന്നു.

ഇരുവരുടേയും സ്വത്തുക്കളെ കുറിച്ച് അന്വേഷണം നടത്തണം. പുരന്‍ കുമാറിന്റെ മരണം ജാതീയത മൂലമല്ല. സത്യത്തിനു വേണ്ടി താന്‍ സ്വന്തം ജീവന്‍ ത്യജിക്കുകയാണ്. തന്റെ കുടുംബാംഗങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ്. സത്യത്തിനൊപ്പം നില്‍ക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. രാജ്യത്തെ ഉണര്‍ത്താന്‍ വേണ്ടിയാണ് താന്‍ മരിക്കുന്നതെന്നും സന്ദീപ് കുമാര്‍ വീഡിയോയില്‍ പറയുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥനായ വൈ പുരന്‍ കുമാര്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. ഹരിയാന പൊലീസ് മേധാവി ശത്രുജീത് സിംഗ് കപൂര്‍, റോഹ്തക് പോലീസ് മേധാവി നരേന്ദ്ര ബിജാര്‍ണിയ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പുരന്‍ കുമാറിന്റെ ആരോപണങ്ങള്‍.

മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വസതിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞത്. ശത്രുജീത് സിംഗ് കപൂര്‍, നരേന്ദ്ര ബിജാര്‍ണിയ എന്നീ ഉദ്യോഗസ്ഥര്‍ പുരണ്‍ കുമാറിനെ ജാതീയമായി അധിക്ഷേപിച്ചിരുന്നതായി പുരന്‍ കുമാറിന്റെ ഭാര്യ അംനീത് ആരോപിച്ചിരുന്നു. അംനീതിന്റെ പരാതിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുരന്‍ കുമാറിനെതിരെ ആരോപണം ഉന്നയിച്ചുള്ള സന്ദീപ് കുമാറിന്റെ ആത്മഹത്യ.

ആന്ധ്രപ്രദേശില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു പുരന്‍ കുമാര്‍. പൊലീസ് സേനയിലെ ജാതി വിവേചനത്തിനെതിരേയും ഹരിയാനയിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനെതിരെയുമെല്ലാം തുറന്നു പറഞ്ഞ വ്യക്തിയായിരുന്നു. ഹരിയാനയിലെ 1991, 1996, 1997, 2005 ബാച്ചുകളിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റങ്ങള്‍ നിയമവിരുദ്ധമാണെന്നായിരുന്നു പുരന്‍ കുമാര്‍ ആരോപിച്ചത്.