മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്തരിച്ചു

0
148

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97)അന്തരിച്ചു. പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറേ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 

തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം. 2011 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. മാധ്യമ രംഗത്തെ മികവിനു കേരള സർക്കാർ നൽകുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം 2019 ൽ ലഭിച്ചു. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജേണലിസം ചെയർമാനായിരുന്നു.

1928 മേയ് 7 ന് പത്തനംതിട്ട ജില്ലയിലെ തുമ്പമണിലാണ് ജനിച്ചത്. തിരുവനന്തപുരത്തും പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിലുമായി പഠനം പൂർത്തിയാക്കി ജോലി തേടി ബോംബെയിലെത്തിയ അദ്ദേഹം യാദൃച്ഛികമായാണ് പത്രപ്രവർത്തകനായത്. 1950 ൽ ഫ്രീപ്രസ് ജേർണലിലൂടെ പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ മാധ്യമപ്രവർത്തകനായിരുന്നു.  ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദ് സെർച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ചു. ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്.