ഹോളിവുഡ് സ്റ്റൈൽ ആക്ഷനുമായി ‘പാട്രിയറ്റ്’ ടീസർ; പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി–മോഹൻലാൽ ചിത്രം

0
77

പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി–മോഹൻലാൽ ചിത്രം പാട്രിയറ്റിന്റെ ടീസർ പുറത്ത്. മലയാളത്തിന്റെ മഹാനടന്മാർ ഒന്നിക്കുന്ന ചിത്രം ഉഗ്രനൊരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. തീ പാറുന്ന ഡയലോഗുകളും ആകാംക്ഷ നിറയ്ക്കുന്ന ട്വിസ്റ്റുകളുമായി മമ്മൂട്ടിയും മോഹൻലാലും കളം നിറയുമ്പോൾ ഒപ്പത്തിനൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും രേവതിയുമുണ്ട്. 

സുഷിൻ ശ്യാമിന്റെ പശ്ചാത്താലസംഗീതം സമ്മാനിക്കുന്ന പിരിമുറുക്കം ടീസറിൽ ഉടനീളം അനുഭവിക്കാം. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ്. രാജ്യാന്തര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്നുണ്ട് ചിത്രത്തിലെ ദൃശ്യങ്ങൾ. 

അൻപതോളം സിനിമകളിൽ ഒന്നിച്ചു പ്രത്യക്ഷപ്പെട്ട താര രാജാക്കന്മാർ അവസാനം ഒന്നിച്ചെത്തിയത് 2013ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടിയിലാണ്. നീണ്ട 12 വർഷങ്ങൾക്കു ശേഷം ഇരുതാരങ്ങളും ഒന്നിച്ചെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ആണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.  ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്.  

ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.