ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു അപകടം; ഒരാൾ മരിച്ചു

0
76

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. 13 വയസുള്ള വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 65 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പന്ത്രണ്ടിലേറെ പേരെ പരുക്കേറ്റ നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരമാണ് കിഴക്കന്‍ ജാവയിലെ സിഡോയാര്‍ജോയിലെ അല്‍ ഖോസിനി ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നത്. പോലീസും സൈനികരും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. 12 മണിക്കൂറിലേറെയായി കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവര്‍ക്ക് ഓക്‌സിജന്‍ അടക്കമുള്ളവ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനയ്ക്കിടെയാണ് കെട്ടിടം തകര്‍ന്നത്. അപകടത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ ലഭ്യമായ വിവരം അനുസരിച്ച് 65 വിദ്യാര്‍ത്ഥികളെയാണ് കാണാതായിട്ടുള്ളത്. 12നും 17നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് കാണാതായവരില്‍ അധികവും. വിദ്യാര്‍ത്ഥികളും അധ്യാപകരും പരുക്കേറ്റവരിലുണ്ട്. നേരത്തെ രണ്ട് നിലയുണ്ടായിരുന്ന പ്രാര്‍ത്ഥനാ മുറി അടുത്തിടെയാണ് നാല് നിലയാക്കിയത്. ഈ കെട്ടിടമാണ് തകര്‍ന്നു വീണത്.