മയക്കുമരുന്ന് വില്‍പന: യുവാവിന് 10 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

0
76

കോഴിക്കോട്: മയക്കുമരുന്ന് വില്‍പനക്കിടെ പിടിയിലായ യുവാവിന് പത്ത് വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് മാറാട് സ്വദേശി തെക്കേപ്പുറത്ത് ഹംസ മന്‍സിലില്‍ റിനീഷി(26)നെയാണ് കോടതി ശിക്ഷിച്ചത്. വടകര എന്‍ഡിപിഎസ് കോടതി ജഡ്ജ് വി ജി ബിജുവിന്റേതാണ് വിധി.

2018 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ പിന്‍ഭാഗത്തേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ഇയാളും കൂട്ടാളിയും പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ 358 ഗ്രാം ഹാഷിഷ് ഓയിലും 16 ഗ്രാം തൂക്കം വരുന്ന എല്‍എസ്ഡി അടങ്ങിയ നാല് ഷുഗര്‍ ക്യൂബുകളും കണ്ടെത്തിയിരുന്നു.

റിനീഷിനൊപ്പം പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിനാല്‍ കേസ് പിന്നീട് പരിഗണിക്കും. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ പ്രതി എട്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. നടക്കാവ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി ഇ വി ലിജീഷ് ഹാജരായി.