അടുത്ത മാസം കല്യാണം, വിജയിക്കൊപ്പം സെല്‍ഫി എടുക്കാനുള്ള യാത്ര; മരണത്തിലും ഒന്നിച്ച്

0
98

കടുത്ത വിജയ് ആരാധകന്‍, ഒരു നോക്ക് വിജയിനെ കാണണം, ഭാര്യയാകാന്‍ പോകുന്ന പ്രിയതമയോടൊപ്പം  പ്രിയതാരത്തെ നേരില്‍ കാണാന്‍ കരൂരിലെത്തിയതായിരുന്നു ആകാശും ഗോകുല ശ്രീയും. അടുത്ത മാസമായിരുന്നു ഇവരുടെ വിവാഹം.

ഒരു സെല്‍ഫി എടുക്കണം, അണ്ണനോട് കല്യാണം പറയണം, പക്ഷെ ജീവിതം ഒന്നിപ്പിക്കുന്നതിന് മുന്‍പേ മരണം അവരെ ഒന്നിപ്പിച്ചു. തിക്കിലും തിരക്കിലും 24കാരായ ഇരുവരുടെയും ജീവന്‍ നഷ്ടമായി. സ്‌നേഹത്തോടെ പ്രതീക്ഷയോടെ വളര്‍ത്തിയ മകളെ തങ്ങള്‍ ബലികൊടുത്തുവെന്ന് പറഞ്ഞ് ഗോകുലശ്രീയുടെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

അതേ സമയം റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ച് വിജയ്‌. പരുക്കേറ്റവർക്ക് 2 ലക്ഷംരൂപ നൽകും. കുടുംബങ്ങളെ സഹായിക്കാൻ വിജയ് പ്രവർത്തകർക്ക് നിർദേശം നൽകി.

സംസ്ഥാന പര്യടനം വിജയ് നിർത്തിവച്ചു. കോടതി കടുത്ത നടപടികളെടുക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് തീരുമാനം. ദുരന്തമുണ്ടായ കാര്യം ടിവികെ നാളെ കോടതിയെ അറിയിക്കും. കോടതിയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടും. ടിവികെ നേതാക്കൾ ഓൺലൈനായി യോഗം ചേർന്നു. നിയമോപദേശം തേടാൻ യോഗത്തിൽ തീരുമാനിച്ചു.