മൂത്രമൊഴിക്കാൻ വഴിയിലിറക്കി, കൈവിലങ്ങുമായി രക്ഷപ്പെട്ടു; മോഷണക്കേസ് പ്രതികളായ അച്ഛനും മകനുമായി തിരച്ചിൽ

0
98

പാലോട്: അഞ്ച് കടകളിലും പാലോട് സെന്റ് മേരീസ് പള്ളിയിലും ഒറ്റരാത്രിയിൽ മോഷണം നടത്തിയ സംഭവത്തിലെ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ സെയ്തലവിയും പിതാവ് അയൂബ്ഖാനുമാണ് രക്ഷപ്പെട്ടത്.

വയനാട്ടിൽനിന്ന് പിടികൂടി പാലോടേയ്ക്ക് കൊണ്ടുവരുമ്പോൾ കടയ്ക്കൽ ചുണ്ടയിൽ വച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പൊലീസ് വാഹനം നിർത്തി ഒരാളുടെ കൈവിലങ്ങ് ഊരി. തുടർന്നാണ് ഇരുവരും രക്ഷപ്പെട്ടത്.

ഇവർ രക്ഷപ്പെട്ട പ്രദേശം മലയോര മേഖലയാണ്. കൃഷിയിടങ്ങളും കാടുമായതിനാൽ വിവിധ സ്റ്റേഷനുകളിലെ പൊലീസുകാർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. നന്ദിയോട് കള്ളിപ്പാറയിൽ വാടകയ്ക്ക് താമസിച്ചാണ് മോഷണം നടത്തിയത്. മോഷണം നടന്ന പിറ്റേ ദിവസം ഇവർ കെട്ടിടത്തിന്റെ ഉടമയെ അറിയിക്കാതെ, താക്കോൽ പോലും കൈമാറാതെ മുങ്ങി. ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം ആരംഭിച്ചത്. മുൻപ് പെരിങ്ങമ്മല മേഖലയിലും അനവധി മോഷണങ്ങൾ നടത്തി നാട്ടുകാർ പിടികൂടിയിട്ടുണ്ടെന്ന് പറയുന്നു. വെഞ്ഞാറമൂട് സ്റ്റേഷനിലടക്കം കേസുകളുണ്ട്.