ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നുള്ള വിഡിയോയും ദൃശ്യങ്ങളും കണ്ടിട്ടുണ്ടാകും… പലതും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. എന്നാല്‍ നിലവില്‍ റെഡ്ഡിറ്റില്‍ ഒരു ഉപയോക്താവ് പങ്കിട്ട ചിത്രമാണ് വൈറലാകുന്നത്.
ഒരു ജനറൽ കോച്ചിലെ മുകളിലെ ബെർത്തിനോട് ചേർന്നുള്ള യൂട്ടിലിറ്റി റാക്കിൽ വസ്ത്രങ്ങൾ ഉണക്കാൻ തൂക്കിയിട്ടിരിക്കുന്ന കാഴ്ച. അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെയാണ് യാത്രക്കാരന്‍ റാക്കില്‍ ഉണക്കാനിട്ടിരിക്കുന്നത്. ‘ഇന്ത്യൻ റെയിൽവേയിൽ മാത്രം’ എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
‘2025 ഓഗസ്റ്റ് 15, രാവിലെ ഏകദേശം 10 മണി. ബാംഗ്ലൂർ (എസ്‌ബിസി) – ജയ്പൂർ (ജെപി) സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12975/12976). എനിക്ക് എസി കോച്ച് ലഭിച്ചില്ല, പക്ഷേ സൗജന്യമായി അലക്കു സേവനം ലഭിച്ചു’ എന്നാണ് ചിത്രത്തിന് താഴെ ഉപയോക്താവ് കുറിച്ചിരിക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ പൊതുജനത്തിന്‍റെ പൗരബോധത്തെ കുറിച്ച് ചര്‍ച്ചകളും ആരംഭിച്ചു.
‘ചിത്രം വൈറലായതോടെ ഇത് ചെയ്ത യാത്രക്കാരന് പൗരബോധമില്ലെന്നും മറ്റുള്ളവർക്ക് ഈ യാത്ര എത്രത്തോളം അസ്വസ്ഥതയുണ്ടാക്കുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിച്ചു. അത് എടുത്തുമാറ്റാന്‍ പറയണം എന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടത്. ‘ദൈവമേ, ഇത് ഞെട്ടിക്കുന്നതാണ്’ എന്ന് മറ്റൊരാളും കുറിച്ചു. ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ഒന്നാണ് എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്.
അതേസമയം, ഇന്ത്യൻ റെയിൽവേയില്‍ നിന്നുള്ള ഇത്തരം ചിത്രങ്ങള്‍ വൈറലാകുന്നത് ഇതാദ്യമായല്ല. പാമ്പുമായി ട്രെയിനില്‍ കയറി യാത്രക്കാരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തി യുവാവും ഫസ്റ്റ് എസിയില്‍ നിന്ന് ബെഡ്ഷീറ്റുകളും ടവലുകളും മോഷ്ടിച്ച യാത്രക്കാരുടേതും ഉള്‍പ്പെടെ നിരവധി ദൃശ്യങ്ങള്‍ ഇതിന് മുന്‍പും വൈറലായിട്ടുണ്ട്. കഴിഞ്ഞ വർഷം, ഒരു യാത്രക്കാരൻ രണ്ട് ബർത്തുകൾക്കിടയിൽ കയർ ഉപയോഗിച്ച് തൊട്ടിലിട്ട് ഉറങ്ങിയ വിഡിയോയും വൈറലായിരുന്നു.
