ഒരേ സമയം ഒന്നിലേറെ യുവാക്കളുമായി പ്രണയബന്ധത്തിലേര്‍പ്പെട്ട യുവതി ഒടുവില്‍ കാമുകന്മാരിലൊരാളുടെ പ്രതിശ്രുത വധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് പൊലീസ് പിടിയിലായി . ഉത്തര്‍ പ്രദേശിലെ അംറോഹ തിഗ്രി സ്വദേശി അര്‍ച്ചനയാണ് അറസ്റ്റിലായത്. കൊലപാതകത്തിനായി അര്‍ച്ചന നിയോഗിച്ച മറ്റൊരു കാമുകന്‍ നിഷു തിവാരിയും അറസ്റ്റിലായിട്ടുണ്ട്.
സെപ്റ്റംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം . അന്ന് സ്കൂള്‍ വിട്ട് മടങ്ങുകയായിരുന്ന അധ്യാപികയ്ക്കു നേര്‍ക്ക് ഒരാള്‍ ആസിഡ് ആക്രമണം നടത്തി. ബൈക്കിലെത്തിയ യുവാവ് അധ്യാപികയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. 30ശതമാനത്തോളം പൊള്ളലേറ്റ അധ്യാപികയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
ആക്രമണം നടത്തിയത് നിഷു തിവാരിയാണന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ തുടങ്ങി. ഒടുവില്‍ കല്യാണ്‍പൂര്‍ ഗ്രാമത്തിലെ നഖാസയില്‍ നിഷു പൊലീസിന്‍റെ മുന്നില്‍പ്പെട്ടു. പിടികൂടാനുളള ശ്രമത്തിനിടെ ഇയാള്‍ പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു . ഒടുവില്‍ കാലില്‍ വെടിവച്ച് വീഴ്ത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു പിസ്റ്റൾ, രണ്ട് ബുള്ളറ്റുകള്‍, സ്കൂട്ടർ എന്നിവയും പോലീസ് പിടിച്ചെടുത്തു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ അര്‍ച്ചനയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ആക്രമണം നടത്തിയെതെന്നായിരുന്നു നിഷുവിന്‍റെ മൊഴി. ഒരു സൈനികനുമായി തന്‍റെ തന്‍റെ സഹോദരി ജഹാന്‍വിയുടെ വിവാഹം ഉറപ്പിച്ചിരുന്നെന്നും എന്നാല്‍ അയാള്‍ക്ക് മറ്റൊരു കാമുകിയുണ്ടെന്നും അര്‍ച്ചന നിഷുവിനെ ധരിപ്പിച്ചു. അതിനാല്‍ വിവാഹം ഉപേക്ഷിച്ചു . സ്കൂള്‍ അധ്യാപികയാണ് ആ കാമുകിയെന്നും അവരോട് പ്രതികാരം ചെയ്യണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് താന്‍ അധ്യാപകയുടെ ദേഹത്ത് ആസിഡ് ഒഴിച്ചെന്നായിരുന്നു നിഷുവിന്‍റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അര്‍ച്ചനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ഥ വസ്തുത പുറത്തുവന്നത് ,
അര്‍ച്ചനയുടെ മറ്റൊരു കാമുകന്‍റെ പ്രതിശ്രുത വധുവായിരുന്നു ഈ അധ്യാപിക. ഇക്കാര്യം അറിഞ്ഞ അര്‍ച്ചന നിഷുവിനെ ഉപയോഗിച്ച് അവരെ വകവരുത്താന്‍ ശ്രമിക്കുകയായിരുന്നു. സൈനികനുമായുള്ള സഹോദരിയുടെ വിവാഹമടക്കം കെട്ടിചമച്ചകഥയാണെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടു. തനിക്ക് ജഹാന്‍വി എന്നൊരു സഹോദരിയില്ലെന്നും സ്കൂള്‍ അധ്യാപികയുടെ കാമുകന്‍ തന്‍റേയും കാമുകനാണെന്നും അയാള്‍ക്ക് അധ്യാപികയുമയുള്ള ബന്ധമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും അര്‍ച്ചന പൊലീസിനോട് പറഞ്ഞു
അര്‍ച്ചന വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഭർത്താവിന് ഉറക്കഗുളിക നൽകിയ ശേഷം അവര്‍ മുൻപ് നിഷുവിനൊപ്പം ഒളിച്ചോടിയിരുന്നുവെന്നും പറയപ്പെടുന്നു. നിഷുവിനെയും ജഹാൻവിയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി എസ്പി കൂട്ടിച്ചേർത്തു.
