വീട്ടിൽ നിന്നും പണം മോഷ്ടിച്ചു; 13 വയസുകാരിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

0
52

ബുലന്ദ്ഷഹർ: വീട്ടിൽ നിന്നും പണം മോഷ്ടിച്ചതിന് 13 വയസുകാരിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബിചൗള ഗ്രാമത്തിൽ താമസിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി സോനം ആണ് കൊല്ലപ്പെട്ടത്. പിതാവ് അജയ് ശര്‍മയെ(40) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

അനുപ്ഷഹർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പാലത്തിന് സമീപം കുറ്റിക്കാട്ടിൽ സ്കൂൾ യൂണിഫോമിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ വ്യാഴാഴ്ച സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത് പിതാവ് അജയ് ശർമയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മകളെ സ്കൂളിൽ നിന്ന് കൂട്ടിയശേഷം വയലിലേക്ക് കൊണ്ടുപോവുകയും സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ഇയാൾ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കനാലിലേക്ക് വലിച്ചെറിയുകയുമായിരുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

കുട്ടിയുടെ സ്കൂൾ ബാഗ് വയലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൾ വീട്ടിൽ നിന്ന് പണം മോഷ്ടിക്കുന്നുണ്ടെന്ന് അജയ് ശർമ മനസ്സിലാക്കിയെന്നും ഇത് ദമ്പതികൾക്കിടയിൽ തർക്കത്തിന് കാരണമായെന്നും പൊലീസ് പറഞ്ഞു. മകൾ ബന്ധുവീട്ടിൽ പോയെന്നും കുറച്ച് ദിവസത്തേക്ക് സ്കൂളിൽ വരില്ലെന്നും പിതാവ് അധ്യാപകരെ അറിയിച്ചിരുന്നു.