കാസർകോട്: കിണറിന്റെ ആൾമറയിൽ കയറിനിന്ന് സർവീസ് വയറിലേക്കു വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർഥി മരിച്ചു. ഉദുമ നാലാംവാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.
ഓല മാറ്റുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണു കരുതുന്നത്. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പ്രവാസിയും ഹോട്ടൽ ഉടമയുമായ അരവിന്ദന്റെയും അംബുജാക്ഷിയുടേയും മകനാണ്.