കൊച്ചി: പ്രവാസിമലയാളികൾക്കു വേണ്ടി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. അതിനുശേഷം ഓൺലൈനായി രജിസ്‌ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കും.
വിദേശത്തും രാജ്യത്തിനുള്ളിലുമുള്ള പ്രവാസിമലയാളികൾക്കുവേണ്ടിയാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. പദ്ധതിപ്രകാരം അഞ്ചുലക്ഷം രൂപവരെ ചികിത്സയ്ക്കും അപകട മരണമുണ്ടായാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിക്കും. മാതാപിതാക്കളും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയാണ് പ്രീമിയം. മൂന്നു മക്കളെ ഇൻഷുറൻസിൽ ചേർക്കണമെങ്കിൽ അധികമായി 4130 രൂപകൂടി നൽകണം.
ഒരാൾക്കുമാത്രമായി ചേരുന്നതിന് 8,101 രൂപയാണ് പ്രീമിയം. 70 വയസ്സുവരെയുള്ളവർക്ക് ചേരാം. കേരളത്തിൽ 500 ആശുപത്രികളിലടക്കം രാജ്യത്തുടനീളം 14,000 ആശുപത്രികളിൽ കാഷ് ലെസ് ചികിത്സ ലഭ്യമായിരിക്കും. നോർക്കയുടെ അപകട ഇൻഷുറൻസ് കം തിരിച്ചറിയൽ കാർഡുള്ളവർക്കാണ് (എൻആർകെ കാർഡ്) ആരോഗ്യ ഇൻഷുറൻസിൽ ചേരാൻ സാധിക്കുന്നത്. എൻആർകെ കാർഡില്ലാത്തവർക്ക് ഇപ്പോൾ ഓൺലൈനിൽ(www.norkaroots.org) അപേക്ഷ സമർപ്പിക്കാൻ സാധിക്കും.