കാൺപുർ: വിമാനത്തിനുള്ളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് കാൺപുർ–ഡൽഹി ഇൻഡിഗോ വിമാനം മൂന്നു മണിക്കൂറിലധികം വൈകി. ഇന്നലെ ഉച്ചയ്ക്കു പുറപ്പെട്ട് വൈകുന്നേരം 4.10 ന് ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിമാനം വൈകുന്നേരം 6.03ന് ആണ് കാൺപുരിൽ നിന്നു പുറപ്പെട്ടത്. 7.16ന് ഡൽഹിയിലെത്തി.
കാൺപുരിൽ നിന്നു ഡൽഹിയിലേക്ക് പോയ വിമാനത്തിൽ 140 യാത്രക്കാരാണ് ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 2.55 ന് വിമാനം ഡൽഹിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. എല്ലാ യാത്രക്കാരും വിമാനത്തിൽ കയറി. വിമാനം പുറപ്പെടും മുൻപ് യാത്രക്കാരില്‍ ഒരാൾ വിമാനത്തിനുള്ളിൽ എലി ഓടുന്നത് കണ്ടു. ഉടൻ തന്നെ അയാൾ കാബിൻ ക്രൂവിനെ വിവരമറിയിച്ചു. എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്നു പുറത്തിറക്കി.
എലിയെ കണ്ടെത്താനായി ഏകദേശം ഒന്നര മണിക്കൂറോളം തിരച്ചിൽ തുടർന്നു. കഴിഞ്ഞയാഴ്ച മുംബൈയിൽ നിന്ന് തായ്‌ലൻഡിലേക്ക് പോയ ഇൻഡിഗോ വിമാനം ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് ഈ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.