യുഎഇയിൽ പകൽ ചൂട് കുറയുന്നു; ഇനി ഡെസേർട് സഫാരിക്കാലം

0
88

അബുദാബി: യുഎഇയിൽ ചൂട് കുറഞ്ഞതോടെ ഡെസേർട് സഫാരി ഉൾപ്പെടെ മരുഭൂ യാത്രകൾക്കും തുടക്കമായി. ചൂട് കാലം ഇന്നതോടെ അവസാമിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പകൽ ചൂടിന് വലിയ ശമനമില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. എന്നാൽ രാത്രിയിൽ സുഖകരമായ അന്തരീക്ഷമാണ്.

ഏതാനും മാസമായി കൊടും ചൂടുമൂലം പുറത്തെ വിനോദങ്ങളിൽനിന്ന് അകന്ന ജനങ്ങൾ വാരാന്ത്യങ്ങളിൽ മരുഭൂമിയിൽ രാപാർക്കാൻ പോയി തുടങ്ങി. സ്വന്തമായി ടെന്റ് കെട്ടിയും ഡെസേർട് സഫാരി ക്യാംപിങ്ങിനുമായി പോകുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള 8 മാസം സഫാരി കമ്പനിക്കാർക്ക് ചാകരയാണ്.

മരുഭൂമിയിലെ സൂര്യോദയം കാണാൻ മോണിങ് ടൂർ രാവിലെ 4.30 മുതൽ, ഈവനിങ് ടൂർ 4 മുതൽ 6 വരെ (റൈഡ് മാത്രം), ഉച്ചയ്ക്കു ശേഷം 3 മുതൽ 9 വരെ ഡ്രൈവും ഭക്ഷണം ഉൾപ്പെടുന്ന പാക്കേജ്, രാത്രി ടെന്റിൽ തങ്ങാനുള്ള ഓവർനൈറ്റ് ടൂർ എന്നിങ്ങനെ നാലിനം ടൂർ പാക്കേജുകളുണ്ട്.

അറ്റമില്ലാത്ത മരുഭൂമിയിലൂടെ മണൽകൂനയിലേക്ക് കുത്തനെയുള്ള കയറ്റവും ഇറക്കവും കടന്ന് മണൽ പാറിപറപ്പിച്ച് നിരയായി മുന്നോട്ടുനീങ്ങുന്ന വാഹനങ്ങൾ, മണൽകാട്ടിലെ സൂര്യോദയവും അസ്തമയവും തുടങ്ങ്ങി മരുഭൂ സഫാരിയുടെ സൗന്ദര്യം വാക്കുകൾക്കതീതം. ക്വാഡ് ബൈക്ക്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവ അവിസ്മരണീയം.

ആഘോഷങ്ങൾ മരുഭൂമിയിലേക്ക്
കൂട്ടായ്മകളുടെ ഒത്തുചേരൽ, ജന്മദിനം, ഓണം, ഈദ്, ക്രിസ്മസ് മുതൽ പുതുവർഷ ആഘോഷം വരെ ഇനി മരുഭൂമിയെ ചുറ്റിപ്പറ്റിയാകും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്കും നിരക്കും കൂടും. അതിനാൽ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതാണ് ഉത്തമം.

സഫാരിക്ക് നല്ല നേരം ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ. എസ്‌യുവി വാഹനങ്ങളിൽ മരുഭൂ ഡ്രൈവിങിൽ പരിചിതരോടൊപ്പമാകണം യാത്ര. പരിചയമില്ലാത്തവരുടെ വാഹനം മരുഭൂമിയിൽ കുടുങ്ങാനും ദിക്കറിയാതെ പ്രയാസപ്പെടാനും സാധ്യതയുണ്ട്. ദിശ തെറ്റി അലയുന്നത് അപകടകരവും സഫാരിയുടെ മുഴുവൻ രസവും ഇല്ലാതാക്കും. മരുഭൂ വാസത്തിന് ആദ്യമായി പോകാൻ ഉദ്ദേശിക്കുന്നവർ ഈ രംഗത്ത് പരിചയ സമ്പന്നരായ കമ്പനികളുടെ സേവനം തേടണം.
….