ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമം’: പോലീസ് ട്രെയിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

0
83

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയ്നി വിതുര പേപ്പാറ കരിപ്പാലം അരവിന്ദ് ഭവനിൽ എ.ആനന്ദ്(25) ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട് തള്ളി കുടുംബം.

ക്യാംപിൽ ജാതി വിവേചനമോ അധിക്ഷേപമോ ഉണ്ടായിട്ടില്ലെന്നും ആനന്ദിന് വിഷാദരോഗമുണ്ടായിരുന്നെന്നും ട്രെയിനിങ്ങിന്റെ സമ്മർദം അതിജീവിക്കാൻ കഴിഞ്ഞില്ലെന്നുമാണു പേരൂർക്കട പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതു ക്യാംപിലെ സീനിയർ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലുള്ള ന്യായീകരണം മാത്രമാണെന്ന് ആനന്ദിന്റെ സഹോദരൻ എ.അരവിന്ദ് ആരോപിച്ചു.

16ന് രണ്ട് കൈകളിലും മുറിവുണ്ടാക്കി ആനന്ദ് ജീവനൊടുക്കാൻ ശ്രമിച്ചതിനു പിന്നാലെ ക്യാംപിലെത്തിയ തങ്ങളോട് ആനന്ദിന്റെ കൈകളിൽ 5 തുന്നിക്കെട്ടുണ്ടെന്ന് ബറ്റാലിയൻ ഡിഐജി പറഞ്ഞതായി അമ്മ ചന്ദ്രിക അശോകൻ വെളിപ്പെടുത്തി. കൈകളിലെ മുറിവ് കാണിക്കാതെ ഫുൾകൈ ഷർട്ടിട്ടാണ് അന്ന് ആനന്ദ് സംസാരിച്ചത്. ചെറിയ മുറിവ് മാത്രമേയുള്ളൂവെന്നാണ് പറഞ്ഞത്.

5 തുന്നിക്കെട്ട് ഉണ്ടായിരുന്നുവെന്നത് അറിഞ്ഞത് ബറ്റാലിയൻ ഡിഐജിയിൽ നിന്നാണെന്നും അമ്മ പറഞ്ഞു. തുന്നിക്കെട്ടിനെ സംബന്ധിച്ച് ഫോണിലൂടെ ആനന്ദിനോട് ചോദിച്ചെങ്കിലും ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതായും ഉദ്യോഗസ്ഥരെ പേടിച്ചിട്ടാണോ എന്നു സംശയിക്കുന്നതായും അരവിന്ദ് പറഞ്ഞു. കുടുംബത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ധാരണയുള്ളതിനാൽ ആത്മഹത്യയെക്കുറിച്ച് ആനന്ദ് ചിന്തിക്കുമെന്നു വിശ്വസിക്കുന്നില്ലെന്നും അരവിന്ദ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആനന്ദിനെ ബാരക്കിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ക്യാംപ് അധികൃതർ നൽകിയ വിവരങ്ങളിലും സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ പക്ഷം. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരാളെ അതേ സ്ഥലത്ത് തുടരാൻ അനുവദിച്ചതിനുപിന്നിൽ ദുരൂഹതയുണ്ട്.