ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു; ശബരിമല എല്ലാവർക്കും പ്രാപ്തമായ ആരാധനാലയമെന്ന് മുഖ്യമന്ത്രി

0
158

പമ്പ: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമലയ്ക്ക് അതിന്റേതായ ഐതിഹ്യമുണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വേർതിരിവുകൾക്കും ഭേദചിന്തകൾക്കും അതീതമായ സ്ഥലമാണ്. മതാതീയ ആത്മീയതയുടെ, എല്ലാ മനുഷ്യർക്കും പ്രാപ്തമായ ആരാധനാലയമാണു ശബരിമല. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

‘‘ഭക്തരുമായി ചേർന്നു കാര്യങ്ങൾ നടപ്പിലാക്കാനാണ് ഈ സംഗമം. ഇതിനോട് അയ്യപ്പ ഭക്തന്മാർ പൂർണമായി സഹകരിക്കുന്നു. യഥാർഥ ഭക്തർക്ക് ഇങ്ങനയേ ചെയ്യാനാകൂ. ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജൻഡ ഉണ്ടാകാം. പ്രത്യേക താൽപര്യങ്ങളുണ്ടാകാം. അതിനാൽ അവർ സംഗമം തടയാൻ ശ്രമം നടത്തി. ആ ശ്രമങ്ങളെ സുപ്രീംകോടതി തടഞ്ഞത് ആശ്വാസകരം’’– മുഖ്യമന്ത്രി പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിൽ 3,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 1,300 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾ ശബരിമല വികസനത്തിനായി അവതരിപ്പിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി ചടങ്ങിൽ പ്രാർഥനാ ഗീതം ആലപിച്ചു.  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സ്വാഗതം പറഞ്ഞു. ദേവസ്വം മന്ത്രി വി.എന്‍‍. വാസവൻ അധ്യക്ഷ പ്രസംഗം നടത്തി. തമിഴ്നാട്ടിലെ മന്ത്രിമാരായ പി.കെ.ശേഖർബാബു, പളനിവേൽ ത്യാഗരാജൻ, കേരളത്തിൽനിന്നുള്ള മന്ത്രിമാർ, മതസാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.