ജനറൽ കോച്ചുകളിൽ യാത്രക്കാർക്കൊപ്പം കയറും; മൊബൈൽ കള്ളന് പിടിവീണു

0
192

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ നിന്നും മൊബൈൽ ഫോണുകൾ കവരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് മിയ (22) യെ ആർ പി എഫ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിക്കും കന്യാകുമാരിയിൽ നിന്ന് കൊല്ലത്തിനും തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്കും പോകുന്ന ട്രെയിനുകളിൽ കയറിയാണ് ഇയാൾ സ്ഥിരമായി മൊബൈലുകൾ മോഷ്ടിക്കുന്നത്.

പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ പ്രതിയുടെ കൈയിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൊബൈലുകളടക്കം കണ്ടെടുത്തു. തിരുവനന്തപുരത്തു നിന്നും പകൽ സമയങ്ങളിൽ മാത്രം പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രക്കാരെയാണ് ഇയാൾ ഉന്നം വയ്ക്കുന്നത്. തിരക്കുള്ള ട്രെയിനുകളിൽ കയറുന്ന സ്ത്രീകളുടെ ബാഗിൽ നിന്നും പുരുഷന്മാരുടെ പോക്കറ്റുകളിൽ നിന്നും മൊബൈലുകൾ കവരുന്നാണ് രീതി.

ഷർട്ട് മാറി രക്ഷപ്പെടൽ
ജനറൽ കോച്ചിൽ യാത്രക്കാർക്കൊപ്പം പ്രവേശിക്കുന്ന ഇയാൾ കൃത്യനിർവഹണത്തിന് ശേഷം ട്രെയിനിൽ വച്ച് തന്നെ ഷർട്ട് മാറി അതിവേഗം പുറത്തിറങ്ങി റെയിൽവേ സ്റ്റേഷൻ പരിധിവിട്ട് പുറത്തു പോകും. മോഷ്ടിക്കുന്ന മൊബൈലുകൾ കുറഞ്ഞ വിലയിൽ അതിഥി തൊഴിലാളികൾക്ക് മറിച്ച് വിൽക്കുകയാണ് ഇയാളുടെ രീതി. ഇതുവഴി ലഭിക്കുന്ന തുക ലഹരി ഉപയോഗത്തിനാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

മോഷണത്തിന് പിന്നാലെ ഉടനടി വസ്ത്രം മാറുന്നതിനാൽ സി സി ടി വി ദൃശ്യങ്ങളിലും തിരിച്ചറിയാൻ പാടായിരുന്നെന്ന് ആർ പി എഫ് വ്യക്തമാക്കി. മോഷണത്തിന് ശേഷം പവർ ഹൗസ് റോഡ് വഴി പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയെ നാടകീയമായാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.