മലയാള സര്‍വകലാശാല സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പി.കെ. ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. ഭൂമി ഏറ്റെടുത്തത് യുഡിഎഫ് കാലത്താണെന്നും മലയാളം സര്‍വകലാശാലക്ക് മാങ്ങാട്ടിരിയില്‍ ഏറ്റെടുത്ത ഭൂമി അന്നത്തെ എംഎല്‍എ സി. മമ്മൂട്ടി 2014ല്‍ നിര്‍ദ്ദേശിച്ചത് എന്ന് കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ മറുപടിയായി കുറിച്ചു.
സി. മമ്മൂട്ടി നിര്‍ദ്ദേശിച്ച സ്ഥലം അനുയോജ്യമെന്ന് വിസി, ചീഫ് സെക്രട്ടറിക്ക് യുഡിഎഫ് ഭരണകാലത്ത് കത്തെഴുതിയിട്ടുണ്ട്. പി.കെ. ഫിറോസിന്റെ വാദം വിദേശത്തെ ജോലിയും സാമ്പത്തിക ക്രമക്കേടും മറച്ചുവെക്കാന്‍. ഭൂമി ഏറ്റെടുത്ത വിഷയത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ പി.കെ. ഫിറോസിന് ചങ്കൂറ്റമുണ്ടോ എന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
ഫണ്ട് മുക്കലും അവിഹിത സമ്പാദ്യവും, ‘വിദേശ പാര്‍ടൈം’ ജോലിയും, അഞ്ചേകാല്‍ ലക്ഷം രൂപ മാസശമ്പളവും, സ്വദേശത്തും വിദേശത്തുമുള്ള നിരവധി ബിസിനസ് സംരഭങ്ങളിലെ പാര്‍ട്ട്ണര്‍ഷിപ്പും, കൊട്ടാര സമാനമായ വീടിന്റെ പിന്നാമ്പുറ രഹസ്യങ്ങളും, കത്വ ഉന്നോവ ഫണ്ട് മുക്കിയതും, ദോതി ചാലഞ്ച് നടത്തി കട്ടതും ഉള്‍പ്പടെ അവിഹിതവും നിയമ വിരുദ്ധവുമായ സമ്പാദ്യത്തിന്റെ കണക്കു പറയുന്നതിന് പകരം ലീഗിലെ പുഴുക്കുത്തായ ‘മായാവി’ നടത്തുന്ന കള്ളക്കളിയാണ് മലയാളം സര്‍വകലാശാലാ ഭൂമി വിവാദമെന്നും ജലീല്‍ പറഞ്ഞു.
ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ചെയര്‍മാനായ ഡിവിഷന്‍ ബെഞ്ചും സുപ്രീം കോടതിയും തള്ളിയ കേസ് ലോകത്ത് ഒരു കോടതിയും മുഖവിലക്കെടുക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ചര്‍വ്വിതചര്‍വണം പോലെ അലക്കുന്നത്. ചങ്കൂറ്റമുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കൂ എന്നും കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
താൻ വാർത്താസമ്മേളനം നടത്തിയ ശേഷം കെ.ടി. ജലീലിനെ കാണാനില്ലെന്നായിരുന്നു നേരത്തെ പി.കെ. ഫിറോസ് നടത്തിയ പരിഹാസം. ഇതിന് മറുപടിയായാണ് കെ.ടി. ജലീലിന്‍റെ പുതിയ പോസ്റ്റ്. ഒരേ സമയം കേരളത്തിലിരുന്ന് ദുബായില്‍ ജോലി ചെയ്യാന്‍ ഞാന്‍ മായാവിയല്ലല്ലോ? എന്നും ഇതിന് മറുപടിയായി കെ.ടി. ജലീൽ പറഞ്ഞു.





