ഗാസ സിറ്റി: ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു, അതിലേറെപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തില്‍ നിന്ന് പകുതിയോളം പേര്‍ പലായനം ചെയ്തതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോഴും നിരവധി ഇസ്രയേലി ടാങ്കുകളും കവചിത വാഹനങ്ങളും ഗാസ പട്ടണത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. മൂന്നാമത് ഡിവിഷന്‍ കൂടി ഉടന്‍ ഗാസയിലേക്കെത്തുമെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ കുറഞ്ഞത് ഇരുപതോളം വീടുകളും പാര്‍പ്പിട സമുച്ചയങ്ങളും മോസ്കും ഇസ്രയേല്‍ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.
രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും കഠിനമായ ആക്രമണങ്ങള്‍ക്കാണ് ഇസ്രായേലി സൈന്യം ഗാസ നഗരത്തെ വിധേയമാക്കിയത്. ഇതോടെ ഒരിക്കലും തിരിച്ചുവരാന്‍ കഴിഞ്ഞേക്കില്ലെന്ന ഭയത്തില്‍ ആയിരക്കണക്കിന് ഗാസക്കാർ ബോംബുകള്‍ക്കും വെടിയുണ്ടകള്‍ക്കും നടുവിലൂടെ പലായനം ചെയ്യുകയാണ്. ഐക്യരാഷ്ട്രസഭയുടെ തലവന്‍ ഈ ആക്രമണത്തെ ‘ഭയാനകം’ എന്നാണ് വിശേഷിപ്പിച്ചത്.
തകര്‍ന്ന നഗരത്തില്‍ നിന്ന് കറുത്ത പുക ഉയരുന്ന പശ്ചാത്തലത്തില്‍, വീട്ടുപകരണങ്ങള്‍ കയറ്റിയ വാനുകളും കഴുതവണ്ടികളും തങ്ങളുടെ അവസാന സമ്പാദ്യങ്ങളും ചുമന്ന് കാല്‍നടയായി പോകുന്ന ആളുകളും തീരദേശമായ അല്‍-റഷീദ് സ്ട്രീറ്റിലൂടെ നീങ്ങുകയാണ്. ‘ഗാസ കത്തുകയാണ്,’ എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചു.





