വയനാട് ബിഎഫ്ഒ പീഡനശ്രമക്കേസില്‍ ശബ്ദരേഖ പുറത്തായതോടെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ്കുമാറിന് കുരുക്ക്. ശബ്ദരേഖയില്‍ തനിക്ക് തെറ്റുപറ്റിപ്പോയെന്നും സാറന്‍മാര്‍ അറിഞ്ഞാല്‍ പണിയാകുമെന്നും ഇയാള്‍ പറയുന്നുണ്ട്. താനപ്പോള്‍ റൂമിലേക്ക് വരരുതായിരുന്നെന്നും അവിടെ വന്ന് ഇരുന്നതാണ് തനിക്ക് തെറ്റുപറ്റിപ്പോകുന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്നും രതീഷ്കുമാര്‍ ശബ്ദരേഖയില്‍ പറയുന്നു.
ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് പറയാനും ഇയാള്‍ വനിതാ ഓഫീസറോട് പറയുന്നുണ്ട്. താന്‍ കാലുപിടിക്കാമെന്നും ഇതെങ്ങനെയെങ്കിലും തീര്‍ക്കണമെന്നും നാറ്റിക്കരുതെന്നും സെക്ഷന്‍ ഓഫീസര്‍ ആവശ്യപ്പെടുന്നു. എനിക്ക് നിന്റെ മുഖത്ത് നോക്കാന്‍ സാധിക്കുന്നില്ലെന്നും വേറെ ഒരിടത്തേക്ക് മാറിയാലും അത് തനിക്ക് പ്രശ്നമാണെന്നും രതീഷ്കുമാര്‍ പറയുന്നു. കാലുപിടിക്കാന്‍ തയ്യാറാണെന്നും രാത്രി ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്നും ഇയാള്‍ വനിതാ ഓഫീസറോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്.
അതേസമയം തനിക്കുണ്ടായ മാനസിക പ്രശ്നത്തെക്കുറിച്ചും ഇത്തരമൊരു കാര്യം സാറില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും വനിതാ ബിഎഫ്ഒ മറുപടി നല്‍കുന്നു. പുതുതായി വരുന്ന ആള്‍ നല്ലൊരു സാര്‍ ആകുമല്ലോ എന്നാണ് വിചാരിച്ചതെന്നും രാത്രിഡ്യൂട്ടി ചെയ്യുന്ന തനിക്ക് ഇതേവരെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും വനിതാ ബിഎഫ്ഒ ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. എന്തു സംഭവിച്ചാലും കുഴപ്പമില്ലെന്നും താന്‍ ഉറപ്പായും പ്രതികരിക്കുമെന്നും ഇവര്‍ പറയുന്നു.
