ബിഹാറിന് പിറകെ കേരളത്തിലും വോട്ടർപട്ടിക തീവ്രപരിശോധന ആരംഭിച്ചു

0
162

പാലക്കാട്: കേരളത്തിൽ SIR (വോട്ടർപട്ടിക തീവ്രപരിശോധന) നടപടി ക്രമങ്ങൾക്ക് തുടക്കം. പാലക്കാട് അട്ടപ്പാടിയിലാണ് നടപടിക്രമങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. ആദ്യപരിശോധനക്ക് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു .ഖേൽക്കർ അട്ടപ്പാടിയിലെത്തി.

2002 ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തും. രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരുന്നതിന് മുമ്പാണ് പരിശോധനകൾ ആരംഭിക്കുന്നത്. അട്ടപ്പാടിയിലെ രണ്ട് ആദിവാസി ഊരുകളാണ് ഇതിനായി ആദ്യം തെരഞ്ഞെടുത്തിരിക്കുന്നത്. എസ് ഐ ആറിന്റെ തുടക്കം എന്ന നിലയിലാണ് അട്ടപ്പാടി തെരഞ്ഞെടുത്തിരിക്കുന്നത്.

ഊരുകളിൽ താമസിക്കുന്നവർക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രയാസം ഉണ്ടോയെന്ന് അറിയാനും അത് പരിശോധിക്കാനുമാണ് ആദ്യ നടപടി. എസ് ഐ ആർ ന്റെ ഭാഗമായാണ് അട്ടപ്പാടിയിൽ എത്തിയതെന്നും ആദിവാസി ഉന്നതകളിൽ CEO നേരിട്ട് എത്തി തീവ്ര പരിശോധനതുടങ്ങി വെക്കുകയാണെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ പറഞ്ഞു.

എല്ലാ വീടുകളിലും ബിഎൽഒമാർ എത്തും. 12 രേഖകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ഉൾപെടും.അനർഹരായവർ മാത്രമാണ് പുറന്തള്ളപെടുകയെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ പറഞ്ഞു.

‘അട്ടപ്പാടി ഐഎച്ച്ആർഡി കോളജിലെ എല്ലാ 18 വയസായ കുട്ടികളെയും ഇലക്ട്രൽ റോളിൽ ഉൾപ്പെടുത്താനുള്ള നടപടിയാണ് ചെയ്യുന്നത്. 100 ശതമാനം ഇലക്ട്രൽ റോളിൽ പേര് ഉൾപ്പെടുത്തിയിട്ടുള്ള ഒരു കോളജ് ആക്കി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

എല്ലാ അർഹരായവരെയും ലിസ്റ്റിൽ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം. 12 ഡോക്യുമെന്റ്സിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കുന്നതിന് ആളുകൾക്ക് പ്രയാമുണ്ടോയെന്നും നേരിട്ട് പരിശോധിക്കും. ഇതിനെല്ലാം വേണ്ടിയാണ് ഇന്നത്തെ സന്ദർശനം.