ഇസ്റാഈല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ല; ബന്ദികളെ മോചിപ്പിക്കണം- ‌ട്രംപ്

0
209

ദേഹ: ഇസ്റാഈല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദോഹ ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഹമാസിനും ട്രംപ് ശക്തമായ മുന്നറിയിപ്പ് നല്‍കി. അതേസമയം ഖത്തറിനെ ആക്രമിക്കുന്ന കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവിന്റേതാണെന്നും ആക്രമണം നടത്താനുളള തീരുമാനം തന്റേതായിരുന്നില്ലെന്നും ട്രംപ് നേരത്തേ പ്രതികരിച്ചിരുന്നു.

ഇസ്രയേലിന്റെ ആക്രമണത്തിനെതിരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കാൻ ഹമാസ് ബന്ദികളെ ഭൂഗർഭ അറകളിൽ നിന്ന് മാറ്റിയതായുള്ള വാർത്ത വായിച്ചു. അങ്ങനെയൊരു കാര്യം ചെയ്താൽ, അവർ എന്തിലേക്കാണ് ചെന്ന് ചാടുന്നതെന്ന് ഹമാസിന്റെ നേതാക്കൾക്ക് അറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ബന്ദികളെ മോചിപ്പിക്കുകയാണ് വേണ്ടത്-ട്രംപ് പറഞ്ഞു.

ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതാണെന്നും അത് തന്റെ തീരുമാനമല്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം അറിയിച്ചപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നെന്നും അമേരിക്കയുടെ സഖ്യകക്ഷിയായ ഖത്തറില്‍ ഇസ്രയേല്‍ ഏകപക്ഷീയമായ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ അമേരിക്കയുടേയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരമൊരു ആക്രമണം ഇനിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാനായി ഖത്തര്‍ പ്രധാനമന്ത്രിയുമായും അമീറുമായും ഫോണില്‍ സംസാരിച്ചെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം പലസ്തീൻ ജനതയ്ക്കെതിരേയുള്ള ഇസ്രയേലിന്റെ നടപടികൾ തടയാൻ രാജ്യങ്ങളെല്ലാം ഫലപ്രദമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് അറബ്-മുസ്‌ലിം രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി നിലപാടെടുത്തു. ഇസ്രയേലുമായുള്ള നയതന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങൾ പുനഃപരിശോധിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ഖത്തറിനെതിരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദോഹയിൽ തിങ്കളാഴ്ച വിളിച്ചുചേർത്ത അറബ് ലീഗ്-ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ എന്നിവയുടെ ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയിലാണ് രാജ്യങ്ങൾ നിലപാട് വ്യക്തമാക്കിയത്.