കല്യാണത്തിന് വന്ന യുവതിയെ കടന്നുപിടിച്ചു; പോലീസിനും അസഭ്യവര്‍ഷം; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

0
211

കൊല്ലം കുണ്ടറയിൽ വിവാഹത്തിനെത്തിയ യുവതിയോട് ലൈംഗീകാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജൂനിയര്‍ കോപ്പറേറ്റീവ് ഇൻപെക്ടർ ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് പിടിയിലായത്. വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു.

കൊല്ലം കുണ്ടറയിൽ ഭർത്താവിനൊപ്പം വിവാഹത്തിനെത്തിയതായിരുന്നു യുവതി. യുവതിയെ മദ്യലഹരിയിലായിരുന്ന പ്രതി അശ്ലീലച്ചുവയിൽ ആംഗ്യം കാട്ടി. അവർ അതിൽ പ്രതികരിച്ചില്ല. ഭക്ഷണത്തിന് ശേഷം കൈകഴുകാനായി എത്തിയ യുവതിയെ സന്തോഷ് കടന്നു പിടിച്ചു. യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചു. ഭർത്താവിനേയും യുവതിയേയും പിൻതുടർന്ന പ്രതി അവർക്ക് നേരെ അസഭ്യവർഷം നടത്തി. ഇതോടെ കുണ്ടറ പൊലീസിനെ വിവരമറിയിക്കുകായിരുന്നു. പൊലീസ് എത്തി ഇയാളെ പിടികൂടി. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ വെച്ച് പ്രതി പൊലീസുകാരെ ആക്രമിച്ചു.

സിവില്‍ പൊലീസ് ഇന്‍സ്പെക്ടർമാരായ റിയാസ്, വിനേഷ് എന്നിവർക്ക് പരുക്കേറ്റു. യുവതിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും പ്രതിക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.