ന്യൂഡൽഹി: നേപ്പാൾ പ്രക്ഷോഭത്തിനിടെ ഹോട്ടലിലെ 4–ാം നിലയിൽനിന്ന് കർട്ടനിൽ തൂങ്ങിയിറങ്ങുന്നിടെ പിടിവിട്ടു വീണ് ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. ഭർത്താവ് രംബിർ സിങ്ങിനൊപ്പമാണ് ഈ മാസം 7നു രാജേഷ് ഗോല (55) കഠ്മണ്ഡുവിലെത്തിയത്.
9നു പ്രക്ഷോഭകാരികൾ ഹോട്ടലിനു തീയിട്ടപ്പോൾ രക്ഷപ്പെടാനായി അവർ നാലാം നിലയിൽ നിന്ന് കർട്ടനിൽ തൂങ്ങി താഴേക്കിറങ്ങാൻ ശ്രമിച്ചു. ഭർത്താവ് അവരെ സഹായിക്കുകയും ചെയ്തു. എന്നാൽ പിടിവിട്ടു വീണുപോയി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേപ്പാൾ പ്രക്ഷോഭത്തിൽ ജീവൻ നഷ്ടമായ ഏക ഇന്ത്യക്കാരി.
ഉത്തർപ്രദേശിലെ ഗാസിയബാദിൽ നിന്നുള്ള ദമ്പതികൾ കഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാനാണ് പോയത്. ദുരന്തമുണ്ടായി മൂന്നാം ദിവസം ഭാര്യയുടെ മൃതദേഹവുമായി ഇന്നലെയാണ് രംബിർ സിങ്ങിന് സ്വദേശത്തേക്ക് മടങ്ങാനായത്. ആംബുലൻസിൽ യുപിയിലെ സോനൗലി അതിർത്തി വഴി മൃതദേഹം ഗാസിയബാദിലെത്തിച്ചു.
നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെൻ സീ പ്രക്ഷോഭത്തിൽ 51 പേർക്കു ജീവൻ നഷ്ടമായെന്നു നേപ്പാൾ പൊലീസ് അറിയിച്ചു. 36 പേർ കഠ്‌മണ്ഡുവിലും 17 പേർ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമാണു മരിച്ചത്. 1700 പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച പാർലമെന്റ് സമുച്ചയത്തിനുള്ളിൽ പൊലീസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട 19 പേരും വിദ്യാർഥികളാണ്. മൃതദേഹങ്ങൾ ഇന്നലെ മുതലാണ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ തുടങ്ങിയത്. സ്ഥിതി ശാന്തമായ കഠ്മണ്ഡുവിൽ ഇന്നലെ കടകൾ തുറന്നു. ഗതാഗതം പുനരാരംഭിച്ചു. പ്രക്ഷോഭം കനത്തതോടെ പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്റ്റേഷനുകളിൽ തിരിച്ചെത്തി.
കഠ്മണ്ഡു സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ ടൂറിസ്റ്റ് ബസിനുനേരെയും കല്ലേറുണ്ടായി. ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ സോനൗലിയിൽ 9ന് ആണ് യുപിയിൽനിന്നുള്ള യാത്രാസംഘത്തിനുനേരെ ആക്രമണമുണ്ടായത്. പരുക്കേറ്റവരെ കഠ്മണ്ഡുവിലെ ആശുപത്രിയിലാക്കി. ഇന്ത്യൻ എംബസി ഇടപെട്ടു പ്രത്യേക വിമാനത്തിൽ മറ്റു യാത്രക്കാരെ മടക്കി അയയ്ച്ചു.