തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. നടന്നത് വൻഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി.
ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണം ചെമ്പായത് ഉൾപ്പെടെ ഗൂഢാലോചനയുടെ ഭാഗമാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസന്വേഷണത്തിൽ വരും ദിവസങ്ങൾ നിർണായകമാകും. ഇന്ന് തന്നെ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.
ഇന്ന് പുലർച്ചെ 2.30 നാണ് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.
എസ്ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായക നടപടി. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. പുലർച്ചെ 3.40 ഓടെ ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയിൽ പ്രതിയെ ഹാജരാക്കും. ഏഴ് മണിയോടെയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോവുക.
ഇന്ന് ശബരിമല നട തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് തുറക്കുക. ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികളാണ് പുനഃസ്ഥാപിക്കുന്നത്. ഹൈക്കോടതി അനുമതിയോടെയാണ് നടപടി.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ്. 14 പേരാണ് ശബരിമല മേൽശാന്തിയുടെ സാധ്യത പട്ടികയിൽ ഉള്ളത്. 13 പേരിൽ നിന്നാണ് മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കുക. രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും സന്നിധാനത്ത് പുരോഗമിക്കുകയാണ്. 22ന് തീർത്ഥാടകർക്ക് നിയന്ത്രണമുണ്ട്.