ദോഹ: ദോഹയിലെ ആക്രമണത്തിൽ ഇസ്രായേലിനെതിരെ ഒന്നിച്ചു നീങ്ങാൻ തയ്യാറെടുത്ത് അറബ് – ജിസിസി രാഷ്ട്രങ്ങൾ. തന്ത്രങ്ങൾ രൂപപ്പെടുന്നതിന്റെ ഭാഗമായി ദോഹയിൽ അടിയന്തര ഉച്ചകോടി ചേരും. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിതല ഉന്നത സമിതികൾ യോഗം ചേർന്നു.
ഞായർ, തിങ്കൾ ദിവസങ്ങളിലാണ് അറബ് – ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി ചേരുന്നത്. ദോഹയിലെ ഷെറാട്ടൺ ഹോട്ടൽ ഉച്ചകോടിക്ക് വേദിയാകും. ഇതിന് മുന്നോടിയായി ഞായറാഴ്ച അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാർ പ്രത്യേക യോഗം ചേരുന്നുണ്ട്. ദോഹ അൽ ഹിലാലിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലാണ് മന്ത്രിമാരുടെ കൂടിക്കാഴ്ച. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങൾ രൂപപ്പെടുത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.