ഷാർജ: വിദേശരാജ്യങ്ങളിൽ ഒരു വർഷത്തിലേറെ താമസിച്ച ശേഷം ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കസ്റ്റംസ് നിയമങ്ങൾ അനുസരിച്ച് നിശ്ചിത അളവ് സ്വർണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാമെങ്കിലും ഈ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താത്തതിനെ തുടർന്ന് യാത്രക്കാർ ആശയക്കുഴപ്പത്തിൽ.
നിലവിൽ സ്വർണവില കുതിച്ചുയർന്ന സാഹചര്യത്തിൽ, പതിറ്റാണ്ടുകൾക്ക് മുൻപ് നിശ്ചയിച്ച മൂല്യപരിധി അപ്രസക്തമായതാണ് ഈ ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് ഷാർജ ഇന്ത്യൻ അസോസിയേഷൻ നിവേദനം സമർപ്പിച്ചതായി പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു.
∙വർഷങ്ങൾ പഴക്കമുള്ള മൂല്യനിർണയം
2016-ൽ പുറത്തിറക്കിയ കേന്ദ്രസർക്കാർ വിജ്ഞാപനം അനുസരിച്ച്, വിദേശത്ത് ഒരു വർഷത്തിലേറെ താമസിച്ച ഒരു യാത്രക്കാരന് 50,000 രൂപ മൂല്യമുള്ള 20 ഗ്രാം വരെ സ്വർണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. അതുപോലെ, ഒരു യാത്രക്കാരിക്ക് 1,00,000 രൂപ മൂല്യമുള്ള 40 ഗ്രാം സ്വർണാഭരണങ്ങൾ വരെ കൊണ്ടുവരാം. ഈ നിയമം രൂപപ്പെടുത്തിയ കാലത്ത് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഏകദേശം 2,500 രൂപ മാത്രമായിരുന്നു വില. അതനുസരിച്ചാണ് ഈ മൂല്യപരിധികൾ നിശ്ചയിച്ചത്.
എന്നാൽ, ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് ഏകദേശം 7,180 രൂപയാണ്. ഈ നിരക്കിൽ 50,000 രൂപ മൂല്യമുള്ള സ്വർണം വെറും 7 ഗ്രാമിൽ താഴെ മാത്രമാണ്. 1,00,000 രൂപ മൂല്യമുള്ള സ്വർണമാണെങ്കിൽ 14 ഗ്രാമിൽ താഴെയും. അതായത്, നിയമത്തിൽ പറയുന്ന 20 ഗ്രാമും 40 ഗ്രാമും ഇന്നത്തെ മൂല്യപരിധിക്കുള്ളിൽ കൊണ്ടുവരാൻ സാധിക്കില്ല. ഈ വൈരുദ്ധ്യം പ്രവാസികളായ യാത്രക്കാർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
∙യാത്രക്കാരെ വലയ്ക്കുന്ന നിയമക്കുരുക്ക്
നിലവിലെ വിജ്ഞാപനമനുസരിച്ച് യാത്രക്കാർക്ക് നിയമപ്രകാരമുള്ള ഭാരമനുസരിച്ച് സ്വർണം കൊണ്ടുവരാൻ കഴിയില്ല. ഉദാഹരണത്തിന്, ഒരു യാത്രക്കാരൻ 20 ഗ്രാം സ്വർണം കൊണ്ടുവന്നാൽ അതിന്റെ ഇന്നത്തെ മൂല്യം ഏകദേശം 1,43,600 രൂപ വരും. ഇത് നിയമത്തിലെ 50,000 രൂപ എന്ന പരിധി കവിയുന്നതിനാൽ യാത്രക്കാരൻ അധിക നികുതി നൽകേണ്ടി വരും. ഇതിനെച്ചൊല്ലി വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി പതിവായി തർക്കങ്ങളുണ്ടാകുന്നുണ്ട്.
നിയമത്തിന്റെ ലക്ഷ്യം സ്വർണത്തിന്റെ ഭാരം പരിമിതപ്പെടുത്തുക എന്നതായിരുന്നു. എന്നാൽ നിലവിലെ അവസ്ഥയിൽ മൂല്യമാണ് പരിഗണിക്കുന്നത്. ഇത് നിയമത്തിന്റെ യഥാർഥ ഉദ്ദേശ്യത്തെ തന്നെ അട്ടിമറിക്കുന്നു. മാത്രമല്ല, ഈ ആശയക്കുഴപ്പം പലപ്പോഴും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. നിഷ്കളങ്കരായ യാത്രക്കാർക്ക് പോലും ഇത് ദുരിതമാകുകയും, ദുരുപയോഗങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്.
∙പരിഹാരം അനിവാര്യം
ഈ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. മൂല്യപരിധി ഒഴിവാക്കി, ഭാരം മാത്രം മാനദണ്ഡമാക്കണം. ഇത് നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യവുമായി യോജിച്ച് പോവുകയും സ്വർണവിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ പരിഗണിക്കാതെ യാത്രക്കാർക്ക് നിയമം പാലിക്കാൻ എളുപ്പമാക്കുകയും ചെയ്യും. പ്രവാസികളുടെ ദീർഘകാലമായുള്ള ഈ ആവശ്യം പരിഗണിച്ചാൽ മാത്രമെ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമുണ്ടാവുകയുള്ളൂ.





