വാഷിങ്ടണ്‍: ഹമാസ് നേതാക്കള്‍ക്ക് നേരെ ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ ന്യായീകരണവുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന് യു.എസ് നടത്തിയ തിരിച്ചടിക്ക് സമാനമാണ് ഇസ്‌റാഈല്‍ നടപടിയെന്നാണ് നെതന്യാഹു തങ്ങളുടെ ചെയ്തിയെ ന്യായീകരിക്കുന്നത്.
‘ഹമാസ് പോളിറ്റ്ബ്യൂറോ അംഗങ്ങളെ പുറത്താക്കാന്‍ ഖത്തര്‍ തയാറാവണം. അല്ലെങ്കില്‍ അവരെ നീതിക്ക് മുന്നില്‍ കൊണ്ടു വരണം. നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ ഞങ്ങളത് ചെയ്യും’ ഇംഗ്ലീഷില്‍ പുറത്തു വിട്ട വീഡിയോയില്‍ നെതന്യാഹു പറയുന്നു.
സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് യു.എസ് എന്താണ് ചെയ്തതെന്ന് ചോദിച്ച് നെതന്യാഹു ചോദിച്ചു ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങുമെന്നാണ് യു.എസ് അറിയിച്ചതെന്നും ചൂണ്ടിക്കാട്ടി. പിന്നാലെ ഇക്കാര്യത്തില്‍ യു.എസ യു.എന്നില്‍ പ്രമേയം പാസാക്കുകയും ചെയ്തു. ഹമാസിന് അഭയം നല്‍കുന്നതും അവര്‍ക്ക് പണം നല്‍കുന്നതും ഖത്തറാണെന്നും നെതന്യാഹു ആരോപിച്ചു.
അഫ്ഗാനിസ്ഥാനിലെ അല്‍-ഖാഇദ ഭീകരര്‍ക്കെതിരെ അമേരിക്ക എടുത്ത നിലപാട് തന്നെയാണ് ഞങ്ങളും എടുത്തിരിക്കുന്നത് പാകിസ്ഥാനില്‍ ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയപ്പോള്‍ യു.എസിനെ പ്രശംസിച്ച അതേ രാജ്യങ്ങള്‍ ഇസ്‌റാഈലിനെ അപലപിച്ചതില്‍ സ്വയം ലജ്ജിക്കണം നെതന്യാഹു വാദിച്ചു.
ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.50ന് ദോഹയിലെ ഹമാസ് നേതാക്കള്‍ തങ്ങിയ കെട്ടിടത്തില്‍ 12 തവണയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ച് ഹമാസ് പ്രതിനിധികളും ഖത്തര്‍ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. അതേസമയം, ഇസ്‌റാഈല്‍ ലക്ഷ്യമിട്ട ഹമാസിന്റെ മുന്‍നിര നേതാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍ നിരവധി സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവും തങ്ങളുടെ സുരക്ഷക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ മധ്യസ്ഥ ദൗത്യങ്ങള്‍ അവസാനിപ്പിക്കില്ലെന്നും ഖത്തര്‍ അറിയിച്ചു. ആക്രമണത്തെ ഖത്തര്‍ ശൂറ കൗണ്‍സില്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. ചതിയും ഭീരുത്വവും ക്രിമിനല്‍ മനസ്സുമാണ് ആക്രമണത്തിനുപിന്നിലെന്നും ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‌യാന്‍ ദോഹയിലെത്തിയിട്ടുണ്ട്. കൂടാതെ ജോര്‍ദന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്ദുല്ലയും സഊദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും എത്തും ഖത്തറിലെത്തും.
ഇസ്‌റാഈല്‍ ആക്രമണത്തെ ലോകരാജ്യങ്ങള്‍ ഒന്നാകെ അപലപിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് യു.കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഇസ്‌റാഈല്‍ തീവ്ര മന്ത്രിമാര്‍ക്ക് യൂറോപ്യന്‍ യൂനിയനു കീഴിലെ രാജ്യങ്ങളില്‍ സമ്പൂര്‍ണ വിലക്കേര്‍പ്പടുത്തുകയും വ്യാപാര നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കുകയും ചെയ്യുന്ന നിര്‍ദേശമാണ് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ മുന്നോട്ടുവെച്ചത്. അതേസമയം, ആക്രമണത്തെ അപലപിച്ചെങ്കിലും ഇസ്‌റാഈലിനുള്ള പിന്തുണയില്‍ മാറ്റമില്ലെന്നായിരുന്നു ജര്‍മനിയുടെ പ്രതികരണം.





