മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടൻ്റെ അതിഥികളാകാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അട്ടപ്പാടിയിലെ ഒരു കൂട്ടം കുട്ടികൾ. ആനവായ് ഗവൺമെൻ്റ് എൽ.പി. സ്‌കൂളിലെ കുട്ടികളും അധ്യാപകരും ആണ് മമ്മൂട്ടിയുടെ അതിഥികളായി കൊച്ചിയും നെടുമ്പാശ്ശേരി വിമാനത്താവളവും സന്ദർശിച്ചത്. മമ്മൂട്ടിയുടെ പിറന്നാൾ കേക്ക് മുറിച്ച് സന്തോഷവും പങ്കിട്ടാണ് കുട്ടികളും അധ്യാപകരും മടങ്ങിയത്.
അട്ടപ്പാടിയിൽ നിന്ന് ഇരുപത് കിലോമീറ്ററകലെ കാടിനുള്ളിൽ താമസിക്കുന്ന കുട്ടികൾക്ക് ഒരാഗ്രഹം. പാലക്കാട് നഗരം കാണണം. കുട്ടികളുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി യാത്ര റെഡിയാക്കി. പാലക്കാടേക്കല്ല, കൊച്ചിയിലേക്ക്. അട്ടപ്പാടിയിലെ ആനവായ് ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർത്ഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ അതിഥികളായി കൊച്ചിയിൽ എത്തിയത്. ആദ്യ യാത്ര കൊച്ചി മെട്രോയിലായിരുന്നു.
ആലുവയിൽ നിന്ന് രാജഗിരി ആശുപത്രിയിൽ എത്തി റോബോട്ടിക് സർജറിയുടെ വിസ്മയലോകം പരിചയപ്പെട്ടു. ആശുപത്രി സന്ദർശനത്തിനുശേഷം വിമാനത്താവളത്തിലേക്ക്. മെട്രോ ഫീഡർ ബസിലായിരുന്നു നെടുമ്പാശ്ശേരിക്കുള്ള യാത്ര. വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദർശക ഗാലറിയിൽ നിന്നുകൊണ്ട് അവർ ആസ്വദിച്ചു.
വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്ന അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് പ്രവർത്തനരീതികളെക്കുറിച്ച് മനസ്സിലാക്കി. അവിടെ വെച്ച് നടൻ മമ്മൂട്ടിയുടെ പിറന്നാൾ കേക്ക് മുറിച്ച് കുട്ടികൾ ജന്മദിനാഘോഷം നടത്തി. തന്റെ പ്രതിനിധിയായി യാത്രയിൽ പങ്കുകൊള്ളാൻ സന്തതസഹചാരിയായ എസ്.ജോർജിനെ മമ്മൂട്ടി ചെന്നൈയിൽ നിന്ന് അയച്ചിരുന്നു.
അടുത്ത തവണ വിമാനയാത്രയൊരുക്കാമെന്നാണ് മമ്മൂട്ടി കുട്ടികൾക്ക് നൽകിയിരിക്കുന്ന വാഗ്ദാനം. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും ചേർന്നാണ് കുട്ടികൾക്കായ് വിനോദ യാത്ര സംഘടിപ്പിച്ചത്.