കോഴിക്കോട്: പ്രിയങ്കാ ഗാന്ധി എംപിയുടെ പേരിൽ പ്രഥമ പ്രധാനമന്ത്രിയും പ്രിയങ്കയുടെ മുതുമുത്തശ്ശനുമായ ജവഹർലാൽ നെഹ്‌റുവിനെ അധിക്ഷേപിക്കുന്ന വ്യാജ എക്‌സ് പോസ്റ്റ് പങ്കുവെച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. 2019ൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ പ്രിയങ്ക പങ്കുവെച്ച ട്വീറ്റാണ് അബ്ദുല്ലക്കുട്ടി വളച്ചൊടിച്ചത്.
”എന്റെ മുതുമുത്തച്ഛനെക്കുറിച്ചുള്ള എന്റെ പ്രിയപ്പെട്ട കഥ, പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹം ജോലി കഴിഞ്ഞ് പുലർച്ചെ മൂന്നിന് തിരിച്ചെത്തിയപ്പോൾ, തന്റെ അംഗരക്ഷകൻ ക്ഷീണിതനായി കട്ടിലിൽ ഉറങ്ങുന്നത് കണ്ടു. അദ്ദേഹം ഒരു പുതപ്പുകൊണ്ട് അംഗരക്ഷകനെ പുതപ്പിച്ച് അടുത്തുള്ള ഒരു കസേരയിൽ കിടന്നുറങ്ങി”- എന്നാണ് പ്രിയങ്കയുടെ ട്വീറ്റ്.
എന്നാൽ അബ്ദുല്ലക്കുട്ടി പങ്കുവെച്ച പോസ്റ്റിന്റെ അവസാനഭാഗത്ത് ‘ഭാര്യക്കൊപ്പം ഉറങ്ങുന്നതിനായി അദ്ദേഹം റൂമിലേക്ക് പോയി’ എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്. നെഹ്‌റുവിന്റെ ഭാര്യ കമല 1936ൽ മരിച്ചു. നെഹ്‌റു പ്രധാനമന്ത്രിയായത് 1947ലാണ്. പിന്നെ നെഹ്‌റു ഏത് ഭാര്യക്കൊപ്പമാണ് ഉറങ്ങിയത്? എന്ന അധിക്ഷേപകരമായ ചോദ്യമാണ് അബ്ദുല്ലക്കുട്ടി ഉന്നയിക്കുന്നത്.
2021ൽ ആദ്യമാണ് സംഘ്പരിവാർ പ്രൊഫൈലുകൾ പ്രിയങ്കയുടെ പോസ്റ്റ് എഡിറ്റ് ചെയ്തു പ്രചരിപ്പിക്കാൻ തുടങ്ങിയത്. അന്ന് തന്നെ ഇത് വ്യാജമാണെന്ന് ഫാക്ട് ചെക്കർമാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതാണ് ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് വീണ്ടും പ്രചരിപ്പിക്കുന്നത്.
…