ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന യുവതിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത യുവാവിനെതിരെ വ്യാപക വിമര്‍ശനം. ബിഹാറില്‍ നിന്നുള്ള രാഹുൽ കുമാർ യാദവ് എന്നയാളാണ് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കേ അഭ്യാസം നടത്തിയത്. വിഡിയോ വൈറലായെങ്കിലും സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഓഗസ്റ്റില്‍ രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് വിമര്‍ശനത്തിന് കാരണം. വിഡിയോയില്‍ രാഹുല്‍ അതിവേഗത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ വാതില്‍പ്പടിയില്‍ ഒരു കാല്‍ വച്ച് മറ്റേകാല്‍ പ്ലാറ്റ്ഫോമിലേക്ക് നീട്ടി ഒരു കൈ മാത്രം ഉപയോഗിച്ച് ഹാന്‍ഡിലില്‍ പിടിച്ച് തൂങ്ങി നില്‍ക്കുന്നത് കാണാം. പെട്ടെന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ നേരെ കൈ നീട്ടി തൊടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും കഴിഞ്ഞില്ല എന്നുമാത്രം. ഈ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ പ്രകോപിപ്പിച്ചത്. യുവാവിന്‍റെ വിഡിയോ മറ്റ് സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമുയര്‍ന്നു.
അപകടകരമായ പ്രവൃത്തിയാണ് യുവാവ് ചെയ്തതെന്നും ഇത് ഇയാള്‍ക്കും പ്ലാറ്റ്പോമിലെ മറ്റ് യാത്രക്കാര്‍ക്കും അപകടസാധ്യത ഉയര്‍ത്തുന്നുവെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. ഒപ്പം പ്ലാറ്റ്ഫോമിലൂടെ നടന്നുനീങ്ങുന്ന യുവതിയെ തൊടാന്‍ ശ്രമിച്ചത് ശരിയായില്ലെന്നും ഈ പെരുമാറ്റത്തിന് യുവാവിന് ശിക്ഷ ലഭിക്കണമെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
‘ഇയാള്‍ ചെറുപ്പമാണ്, അതിന്‍റെ സ്റ്റണ്ട് ആണെന്ന് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ പെണ്‍കുട്ടിയെ തൊടാന്‍ ശ്രമിച്ചത് ശരിയല്ല. അതിന് അവന്‍ ശിക്ഷ അര്‍ഹിക്കുന്നുണ്ട്’ ഒരാള്‍ വിഡിയോക്ക് താഴെ കുറിച്ചു. എന്നാല്‍ ഈ സ്റ്റണ്ട് ‘സ്റ്റേഷനിലുള്ള മറ്റുള്ളവർക്കും അപകടകരമാണ്. അവര്‍ക്കും പരിക്കേൽക്കാം. പ്ലാറ്റ്‌ഫോമിൽ വെച്ച് അയാൾ ആ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ്’ എന്നാണ് മറ്റൊരാള്‍ വിമര്‍ശിച്ചത്. ഒരു ചെറിയ അശ്രദ്ധയുണ്ടായാല്‍ യുവാവിന്‍റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്നും ട്രെയിനിനടിയിലേക്കോ അല്ലെങ്കില്‍ പ്ലാറ്റ്ഫോമില്‍ തലയിടിച്ചു വീഴാനോയുള്ള സാധ്യതയുണ്ടായിരുന്നുവെന്നും മറ്റൊരാള്‍ കുറിച്ചു.