രാഷ്ട്രപതിക്കായി വാങ്ങുന്ന 3.66 കോടിയുടെ ബിഎംഡബ്ല്യു സെഡാന് നികുതിയിളവ്

0
21

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് വേണ്ടി വാങ്ങുന്ന പുതിയ ബിഎംഡബ്ല്യു കാറിന് ഐജിഎസ്ടിയില്‍ നിന്നും നഷ്ടപരിഹാര സെസ്സില്‍ നിന്നും ഇളവ് നല്‍കി ജിഎസ്ടി കൗണ്‍സില്‍. നിലവില്‍ പ്രസിഡന്റ് ഉപയോഗിക്കുന്ന മെര്‍സിഡസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ലിമോസിനിന് പകരമായാണ് 3.66 കോടി വരുന്ന ബിഎംഡബ്ല്യു ബുള്ളറ്റ് പ്രൂഫ് സെഡാന്‍ വാങ്ങുന്നത്.

സാധാരണ ഗതിയില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ആഢംബര കാറുകള്‍ക്ക് 28% ഐജിഎസ്ടി, അടിസ്ഥാന കസ്റ്റംസ് നികുതി, അധിക നികുതി തുടങ്ങി വലിയ നികുതി ഭാരം തന്നെ ചുമത്താറുണ്ട്. എന്നാല്‍ ഈ നികുതിയൊന്നും തന്നെ രാഷ്ട്രപതി വാങ്ങുന്ന കാറിനെ ബാധിക്കില്ല. അതിന് കാരണം, പ്രസിഡന്റിന്റെ വാഹനം ഒരിക്കലും ഒരു വാണിജ്യ ആഢംബര വാഹനമായല്ല കണക്കാക്കുന്നത് എന്നതുകൊണ്ടാണ്. അതിനെ പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് നിര്‍ബന്ധമായും നല്‍കേണ്ട സ്‌റ്റേറ്റിന്റെ ഒരു തന്ത്രപ്രധാനമായ ആസ്തിയായാണ് കണക്കാക്കുന്നത്.

ജിഎസ്ടി എന്നത് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ചു പങ്കിടുന്ന നികുതി ആയതിനാല്‍ തന്നെ ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി അത്യാവശ്യമാണ്. പ്രസിഡന്റിന്റെ സെക്രട്ടറിയേറ്റിന് നികുതി ഒഴിവാക്കികൊണ്ട് തന്നെ വാഹനം വാങ്ങിക്കുവാനും സാധിക്കും.

നിലവിലെ പ്രസിഡന്റിന്റെ വാഹനമായ എസ്600 പുള്‍മാന്‍ ഗാര്‍ഡ് കസ്റ്റമൈസ് ചെയ്ത കവചിത വാഹനമാണ്. അതില്‍ അത്യാധുനിക സുരക്ഷാ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. ബാലിസ്റ്റിക്-സ്‌ഫോടനങ്ങളെ ചെറുക്കാനുള്ള കഴിവ്, മള്‍ട്ടി ലയേര്‍ഡ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എന്നിവയും വാഹനത്തിന്റെ പ്രത്യേകതയാണ്. പുതുതായി എത്തുന്ന ബിഎംഡബ്ല്യുവും മകിച്ച സുരക്ഷ ഉറപ്പാക്കുന്ന വാഹനമാണ്.