ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ലാപ്ടോപ്പും വെള്ളവും ബാഗിൽനിന്ന് പുറത്തെടുക്കാതെ കടന്നുപോകാം. ഈ വർഷം അവസാനത്തോടെ നടപ്പിലാക്കുന്ന ഈ സൗകര്യം സ്ത്രീകൾക്കും കുട്ടികൾക്കുമടങ്ങുന്ന യാത്രക്കാർക്ക് വലിയ അനുഗ്രഹമാകും.
ലാപ്ടോപ്പും ലഘുഭക്ഷണങ്ങളും ലിക്വിഡുകളും ബാഗിൽ നിന്ന് പുറത്തെടുത്ത് പരിശോധന കഴിഞ്ഞ് വീണ്ടും തിരികെ വയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് ഇനി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടാകില്ല.
യാത്രക്കാർക്ക് വേഗത്തിലും എളുപ്പത്തിലും യാത്രാനടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യക്കയ്ക്കാണ് ദുബായ് എയർപോർട്സ് തുടക്കമിടാൻ ഒരുങ്ങുന്നത്. നിലവിൽ, എമിറേറ്റ്സ് എയർലൈൻസിന്റെ ടെർമിനൽ 3ൽ പുതിയ സ്കാനിങ് സാങ്കേതികവിദ്യ പരീക്ഷിച്ചു വരികയാണ്. 2026 അവസാനത്തോടെ ഈ സാങ്കേതികവിദ്യ എല്ലാ ടെർമിനലുകളിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.
പുതിയ സ്കാനറുകളും നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യയും ഉപയോഗിച്ച് ലാപ്ടോപ്പുകൾ, പെർഫ്യൂമുകൾ, ക്രീമുകൾ, 100 മില്ലിലിറ്ററിൽ കൂടുതലുള്ള ദ്രാവകങ്ങൾ എന്നിവ ബാഗിൽ നിന്ന് പുറത്തെടുക്കാതെ തന്നെ പരിശോധന പൂർത്തിയാക്കാം. ഇതോടെ, യാത്രാ നടപടികൾ എളുപ്പമാവുകയും വിമാനത്താവളത്തിലെ തിരക്ക് കുറയുകയും ചെയ്യുമെന്ന് ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് എസ്സ അൽ ഷംസി പറഞ്ഞു. നിലവിലുള്ള ഹാൻഡ് ബാഗേജ്, ഹോൾഡ് ബാഗേജ് സെക്യൂരിറ്റി സ്ക്രീനിങ് സംവിധാനങ്ങൾ ഘട്ടംഘട്ടമായി മാറ്റുന്നതിന് പദ്ധതിയുണ്ട്. ഇത് നിലവിലുള്ള നിയമങ്ങളിൽ നിന്ന് മാറാൻ അനുവദിക്കും. പുതിയ സാങ്കേതികവിദ്യയുടെ ആവിർഭാവം യാത്ര കൂടുതൽ സുഗമവും സമ്മർദ്ദരഹിതവുമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദുബായ് ഏവിയേഷൻ എൻജിനീയറിങ് പ്രോജക്ട്‌സ്, സ്മിത്ത്സ് ഡിറ്റക്ഷൻ എന്ന കമ്പനിക്ക് ഇതിനോടകം തന്നെ അത്യാധുനിക ചെക്ക്പോയിന്റ് സ്ക്രീനിങ് സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനുള്ള കരാർ നൽകിയിട്ടുണ്ട്. സുരക്ഷ വർധിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ ഒഴുക്ക് കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.