ലഖ്‌നൗ: 52കാരിയായ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ 26കാരൻ പിടിയിൽ. ഫറൂഖാബാദ് സ്വദേശിയായ റാണിയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്ത്രീ വിവാഹം കഴിക്കണമെന്നും, വായ്പയായി വാങ്ങിയ ഒന്നരലക്ഷം രൂപ തിരികെ ചോദിച്ചതിനും പിന്നാലെയാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.
ഉത്തര്‍പ്രദേശ് സ്വദേശി അരുണ്‍ രജ്പുതിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് കുട്ടികളുടെ അമ്മയായ ഇവർ, ചെറുപ്പം തോന്നാന്‍ ഇന്‍സ്റ്റഗ്രാം ഫില്‍ട്ടറുകള്‍ ഉപയോഗിച്ചെന്നും, വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും യുവാവ് പൊലീസിൽ മൊഴി നല്‍കി.
ഓഗസ്റ്റ് 11നാണ് കർപാരി ഗ്രാമത്തിന് സമീപം ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇവരുടെ കഴുത്തിൽ പാടുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചപ്പോൾ, ഫറൂഖാബാദ് സ്വദേശിയായ സ്ത്രീയാണ് കൊലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 26കാരനായ അരുൺ രജ്‌പുത് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.
ഒന്നര വർഷം മുമ്പാണ് അരുൺ രജ്‌പുതും 52കാരിയായ റാണിയും പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ഇരുവരുടെയും ബന്ധം വളർന്നു. എന്നാൽ നാല് കുട്ടികളുടെ അമ്മയായ യുവതി, പ്രായം കുറച്ച് കാണിക്കാനായി ചിത്രങ്ങളും റീലുകളും പങ്കുവെയ്ക്കുമ്പോൾ ഫിൽട്ടറുകൾ ഉപയോഗിച്ചിരുന്നു. പിന്നാലെ ഇവർ ചെറുപ്പക്കാരിയാണെന്ന് തെറ്റിദ്ധരിച്ച് അരുൺ പ്രണയത്തിലായി. ഫറൂഖാബാദിലെ ഹോട്ടലുകളിൽവെച്ച് ഇരുവരും കണ്ടുമുട്ടാറുണ്ടായിരുന്നു. ഏകദേശം 1.5 ലക്ഷം രൂപ യുവതി അരുൺ രജ്പുതിന് നൽകുകയും ചെയ്തു.
ഓഗസ്റ്റ് 11-ന് അരുൺ രജ്പുതിനെ കാണാനായി യുവതി ഫറൂഖാബാദില്‍ നിന്ന് മെയിന്‍പുരിയിലേക്ക് എത്തി. അവിടെ നിന്നും ഇവർ യുവാവിനോട് വിവാഹം കഴിക്കാൻ നിർബന്ധിച്ചു. വായ്പയായി നൽകിയ ഒന്നരലക്ഷം രൂപ തിരികെ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. വിവാഹാഭ്യർഥനയും പണം തിരികെ നല്‍കണമെന്ന ആവശ്യവും ഉയർന്നതോടെ ഇരുവരും തമ്മിൽ തര്‍ക്കമായി. പിന്നാലെ റാണി ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.