ബീജിങ്: ചൈനയിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ സംസാരിക്കവെ ഇന്ത്യക്കുള്ള പിന്തുണ വ്യക്തമാക്കി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ. കൊളോണിയൽ കാലഘട്ടം അവസാനിച്ചെന്നും, ഇനി പങ്കാളികളുമായി സംസാരിക്കുമ്പോൾ ആ സ്വരം ഉപയോഗിക്കാൻ കഴിയില്ലെന്നും പുടിൻ പറഞ്ഞു.അന്താരാഷ്ട്ര ബന്ധങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശങ്ങളുണ്ടെന്നും ബീജിങ്ങിലെ ദിയാവുതായ് സ്റ്റേറ്റ് ഗസ്റ്റ്ഹൗസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ പുടിൻ പറഞ്ഞു.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഉയർച്ച അംഗീകരിച്ചിട്ടും, ആഗോള രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകികൊണ്ടായിരുന്നു പുടിൻ്റെ പ്രസ്താവന. “എല്ലാ രാജ്യങ്ങൾക്ക് അവരുടെ ചരിത്രത്തിൽ ദുഷ്‌കരമായ കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കൊളോണിയലിസം, ദീർഘകാലമായി പരമാധികാരത്തിനെതിരായ ആക്രമണങ്ങൾ എന്നിങ്ങനെ നിരവധി പ്രതികൂല കാലഘട്ടങ്ങൾ. ഇപ്പോൾ കൊളോണിയൽ യുഗം അവസാനിച്ചതിനാൽ, തങ്ങളുടെ പങ്കാളികളുമായി സംസാരിക്കുമ്പോൾ ഈ സ്വരം ഉപയോഗിക്കാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കണം,” പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകികൊണ്ട് പുടിൻ പറഞ്ഞു.